
പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിൽ കൗൺസിലറായ സുശാന്ത് നായ്‌ക്കിന്റെ മകൻ സോഹം സുശാന്ത് നായ്‌ക്കാണ് (20) അറസ്റ്റിലായത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 25 മുതൽ 30 പെൺകുട്ടികളെ സോഹം ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതി. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത ശേഷം ഇയാൾ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സോഹം തന്റെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. വീഡിയോകൾ ഉൾപ്പെടെ അവരെ കാണിക്കുകയും ചെയ്‌തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സോഹത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ യുവാവിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധക്കാർ വളഞ്ഞു. ഇതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്. രണ്ട് അതിജീവിതമാരുടെ മൊഴിയും രേഖപ്പെടുത്തി.
മൂന്ന് വർഷം മുമ്പ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ഇരകൾക്കും പ്രതിക്കും പ്രായപൂർത്തിയായിരുന്നില്ല. ആദ്യം രജിസ്റ്റർ ചെയ്‌ത കേസിന് പിന്നാലെ കൂടുതൽ മൊഴികൾ ലഭിച്ചതോടെ രണ്ട് കേസുകൾ കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഗോവ എസ്‌പി സന്തോഷ് ദേശായി പറഞ്ഞു.
നിലവിൽ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യംചെയ്‌തുവരികയാണ്. പരാതി നൽകിയവരുടെ ദൃശ്യങ്ങൾ കണ്ടെടുക്കാൻ സാധിക്കാത്തതിനാൽ യുവാവിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ രാഷ്‌ട്രീയ ഇടപെടൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |