SignIn
Kerala Kaumudi Online
Wednesday, 24 July 2024 4.03 PM IST

''എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്'', വാട്‌സാപ്പിനെതിരെ ശ്രീകുമാരൻ തമ്പി

sreekumaran-thampi

സോഷ്യൽ മീഡിയ മാദ്ധ്യമമായ വാട്‌സാപ്പിനെതിരെ സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. ''വാട്‌സാപ്പ് പാട്ടിലാക്കുന്ന പെണ്മനസ്സുകൾ കുരുക്കുകൾ, ചതിക്കുഴികൾ'' എന്ന തലക്കെട്ടോടെ ദീർഘമായ കുറിപ്പ് തന്നെ അദ്ദേഹം പങ്കുവയ‌്ക്കുന്നു.

''വാട്ട്സ്ആപ് പാട്ടിലാക്കുന്ന പെണ്മനസ്സുകൾ കുരുക്കുകൾ, ചതിക്കുഴികൾ

"തമ്പിസാറിന്റെ വാട്ടസ്ആപ് നമ്പർ എന്താണ്? " "തമ്പിസാറിന്റെ നമ്പറിലേക്ക് ഞാൻ അയച്ച മെസ്സേജിന് ഇതുവരെ മറുപടി കിട്ടിയില്ല." ഇങ്ങനെയുള്ള ചോദ്യങ്ങൾ അനവധി ഞാൻ കേൾക്കുന്നുണ്ട് . എന്റെ മൊബൈൽ നമ്പർ അറിയാവുന്നവർ ആ നമ്പറിൽ എനിക്ക് വാട്‍സ്ആപ് ഉണ്ടെന്ന ധാരണയിൽ പാട്ടുകളും ചിത്രങ്ങളുമൊക്കെ അയക്കാറുണ്ട്. തുടക്കകാലത്ത് ചുരുങ്ങിയ കാലയളവിൽ ഞാൻ വാട്സ്ആപ് ഉപയോഗിച്ചിരുന്നു. പിന്നീട് സ്വയം പിന്മാറി.

എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഞാൻ വാട്സ്ആപ് ഉപയോഗിക്കുന്നില്ല എന്നു ദയവായി മനസ്സിലാക്കുക. സത്യമാണ് വാട്ട്സ്ആപ് വളരെ പ്രയോജനപ്രദം തന്നെയാണ്. വളരെപ്പെട്ടെന്ന് സന്ദേശങ്ങളും ഫോട്ടോയും വീഡിയോകളും അതിലൂടെ കൈമാറ്റം ചെയ്യാം. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത മീഡിയവുമാണ്. പക്ഷേ, ഗുണങ്ങളെക്കാൾ ദോഷങ്ങളുമുണ്ട്. തുടർച്ചയായി ചാറ്റിങ്ങിൽ ഏർപ്പെട്ടാൽ പിന്നെ അതൊരു ലഹരിയായി മാറും. മയക്കമരുന്നു നൽകുന്ന ലഹരിയേക്കാൾ ഭീകരമാണ് വാട്സ്ആപ് ലഹരി. അത് കുട്ടികളെയും സ്ത്രീകളെയും വഴിതെറ്റിക്കുന്ന വളരെ ഭീകരമായ ഒരു നശീകരണസ്ഥലവുമാണ്.

വിദ്യാസമ്പന്നരായ യുവാക്കളെയും യുവതികളെയും, എന്തിന്, വൃദ്ധജനങ്ങളെ പോലും വഴി തെറ്റിക്കുന്ന മാദ്ധ്യമങ്ങളായി വാട്സ്ആപ്, ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം,ടെലിഗ്രാഫ് തുടങ്ങിയ നവമാധ്യമങ്ങൾ മാറുന്ന കാഴ്ചയും അത് പിന്നീട് വളർത്തുന്ന പ്രത്യാഘാതങ്ങളും സുമനസ്സുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കയാണ്. നാലുമക്കളുള്ള ഒരു നാൽപ്പത്തിയഞ്ച് വയസ്സുകാരി നാല് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചിട്ട് ഇരുപതുവയസ്സുകാരനെ അന്വേഷിച്ചു വന്ന വാർത്ത അടുത്തകാലത്ത് നമ്മൾ എല്ലാവരും മാധ്യമങ്ങളിൽ കണ്ടിരുന്നു.വാട്സ്ആപ്പിലൂടെ വളർന്ന പ്രണയത്തിന്റെ ക്ളൈമാക്സ് ആയിരുന്നു അത്. ഒരു യുവാവും രണ്ടു യുവതികളും അന്യസംസ്ഥാനത്തെ ഹോട്ടൽമുറിയിൽ ഒരുമിച്ച് ആത്മഹത്യ ചെയ്ത വാർത്ത എത്ര ഭയാനകമാണ് .ആ മരണകാരണം അന്വേഷിച്ച പൊലീസുദ്യോഗസ്ഥന്മാർ ചെന്നെത്തിയത് അവരുടെ ലാപ്ടോപ്പിൽ ടെലിഗ്രാം, വാട്‍സ് ആപ് തുടങ്ങിയ അക്കൗണ്ടുകളിലാണ്.

ഈ സമൂഹമാദ്ധ്യമങ്ങൾ ഒരു വ്യക്തിയുടെ മാനസികനിലയെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് ഈ വാർത്തകൾ തെളിയിക്കുന്നു. ദുഷ്ടശക്തികൾക്കു മുഖത്തോടെയും മുഖമില്ലാതെയും ബന്ധം സ്ഥാപിച്ച് അടുത്തുകൂടി തെറ്റായ ആശയങ്ങളിലേക്കും പ്രവൃത്തികളിലേക്കും വ്യക്തികളെ നയിക്കാൻ കഴിയും. അതുപോലെ അടുത്തകാലത്ത് വർദ്ധിച്ച് വരുന്ന ആത്മഹത്യങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമായ അവിഹിതബന്ധങ്ങൾക്കു സുഗമമായ ഇടമൊരുക്കുന്നതും വാട്സ്ആപ്പ് തന്നെ.എന്റെ സുഹൃത്തുക്കളായ പല പൊലീസ് സുഹൃത്തുക്കളും ഉദാഹരണങ്ങൾ സഹിതം ഈ വിഷയം എന്നോട് പറഞ്ഞിട്ടുണ്ട്. വാട്സ്ആപ് ചാറ്റ് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ എല്ലാം ഭദ്രം എന്നാണു ചിലരുടെ വിചാരം അത് സത്യമല്ല. സൈബർ വഴികളെപ്പറ്റി നല്ല അറിവുള്ളവർക്ക് എപ്പോൾ വേണമെങ്കിലും പഴയ സംഭാഷണങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. രഹസ്യം പരസ്യമാകും.

പതിനഞ്ചു വർഷം മുമ്പ് മൊബൈൽ പോലും വേണ്ട, അത് അപകടമാണ് എന്നു പറഞ്ഞ എന്റെയൊരു സുഹൃത്തിന്റെ ഭാര്യ ഇപ്പോൾ ഉറക്കംപോലും ഉപേക്ഷിച്ച് ഏതുനേരവും വാട്സാപ്പിലാണത്രേ.. അവരുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. മിണ്ടിപ്പോയാൽ ഭർത്താവിനോട് അവൾ ചാടിക്കയറും.എന്റെ സുഹൃത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ''ന്റെ തമ്പി സാറേ ആയമ്മ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറും വാട്സ്ആപ്പിൽ ഓൺലൈനിൽ തന്നെ'.. അവൾ അവളെക്കാൾ പന്ത്രണ്ടു വയസ്സ് പ്രായക്കുറവുള്ള ഒരു വിടന്റെ അടിമയായി മാറിക്കഴിഞ്ഞു. ഇത് അവരെ മാനസികരോഗത്തിലേക്കു നയിക്കുമോയെന്നു വൃദ്ധനായ അവരുടെ ഭർത്താവിന് ഭയമുണ്ട്. അപമാനഭയംകൊണ്ട് ആ മനുഷ്യൻ സ്വന്തം മക്കളോടുപോലും ഭാര്യയുടെ അവിഹിതബന്ധത്തെപ്പറ്റി പറഞ്ഞിട്ടില്ല ഒരു ആശ്വാസത്തിനുവേണ്ടിയാണ് ആ സുഹൃത്ത് എന്റെ മുമ്പിൽ മനസുതുറന്നത്‌. അതുകൊണ്ട് അത്യാവശ്യത്തിനു മാത്രം വാട്സ്ആപ് ഉപയോഗിക്കുക. കുടുംബങ്ങളിലെ സ്വസ്ഥത നശിക്കാതിരിക്കട്ടെ''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEKUMARAN THAMPI, WATSAPP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.