ആലുവ: ലോക് സഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റ കനത്ത തിരിച്ചടിയാണ് കെട്ടിട പെർമിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്‌ക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എടത്തലയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. . കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോൾ വർദ്ധന പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു മന്ത്രി.
ഇപ്പോഴും പ്ലാൻ ബി എന്ന പേരിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും സർവീസ് ചാർജുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങൾക്കു മേൽ വീണ്ടും സേവന നികുതികൾ അടിച്ചേല്പിച്ചാൽ ശക്തമായ സമരമാരംഭിക്കും.
കർണാടകത്തിനെതിരെ
മര്യാദകെട്ട പ്രചാരണം
കർണാടകത്തിലെ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മര്യാദകെട്ട പ്രചാരണമാണ് നടക്കുന്നത്. കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയിൽ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടെന്നതൊക്കെ മറന്നു.
കർണാടകത്തിലെ കാർവാർ എം.എൽ.എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കർണാടകത്തിനെതിരായ വികാരം ഉണ്ടാക്കുന്നത് ശരിയല്ല. കർണാടകത്തിലെ രക്ഷാപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |