കൊല്ലം: 'നിങ്ങൾ അടുത്ത പ്രാവിശം പോമ്പം എനിക്ക് ഇവിടെ സ്വർണവും പണവും വച്ചേക്കണം. ഇല്ലേൽ ഇനിയും ഞാൻ കയറും. നിങ്ങൾ വീടു പൂട്ടിക്കൊണ്ട് പോ, ഗേറ്റ് പൂട്ടി പോ' .....
ചുരുങ്ങിയ ദിവസത്തിനുള്ളിൽ പരവൂരുകാരുടെ പേടിസ്വപ്നമായി മാറിയ മൊട്ട ജോസ് എന്ന കള്ളൻ മോഷണം നടത്തിയ വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച കുറിപ്പിലെ വരികളാണിത്. ഈ കുറിപ്പ് വൈറലായതോടെ നാളുകളായി വീട് അടച്ചിട്ടിരിക്കുന്ന സമീപ പ്രദേശങ്ങളിലുള്ളവർ കൂട്ടത്തോടെ മടങ്ങിയെത്തുകയാണ്. വീട് അടച്ചിട്ട് പുറത്തേക്ക് പോകാനും ഭയക്കുകയാണ്.
വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് കൊല്ലം മങ്ങാട് സ്വദേശിയായ മൊട്ട ജോസ്. പലതവണ പിടിയിലായിട്ടുള്ള ജോസ് ദീർഘകാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പുറത്തിറങ്ങിയശേഷം പഴയ പണി തുടരുകയാണ് പതിവ്. കുറെക്കാലമായി വിവരമൊന്നുമില്ലാതിരുന്ന മൊട്ട ജോസ് ഇപ്പോൾ പരവൂരിൽ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പരവൂർ ദയാബ്‌ജി ജംഗ്ഷനിലെ മോഹൻലാലിന്റെ വീട്ടിലാണ് ആദ്യം മോഷണം നടത്തിയത്. ചികിത്സയ്ക്കായി മോഹൻലാലും കുടുംബവും തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു. തൊട്ടടുത്ത ദിവസം മകൻ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇവിടെ നിന്ന് 9 പവൻ സ്വർണവും അമ്പതിനായിരം രൂപയും നഷ്ടമായി. അവിടെ പതിഞ്ഞ വിരലടയാളം പൊലീസിന്റെ പക്കലുള്ളവയുമായി താരതമ്യം ചെയ്താണ് മോഷ്ടാവ് മൊട്ട ജോസാണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ പരവൂർ കല്ലുകുന്നത്തെ ശ്രീകുമാറിന്റെ അനുഗ്ര എന്ന വീട് തിങ്കളാഴ്ച കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടു. കുടുംബസമേതം ചെന്നൈയിൽ താമസിക്കുന്ന ശ്രീകുമാറും കുടുംബവും വല്ലപ്പോഴുമേ നാട്ടിലേക്ക് വരാറുള്ളു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് താൻ വീണ്ടും വരും, സ്വർണവും പണവും കരുതിവച്ചിരിക്കണമെന്ന കുറിപ്പ് കണ്ടെത്തിയത്. ഇവിടെ നിന്ന് ലഭിച്ച വിരലടയാളങ്ങളും മൊട്ട ജോസിന്റേതായിരുന്നു. ഇവിടെ ഒരാഴ്ചയോളം ജോസ് തങ്ങിയതിന്റെ സൂചനകളും ലഭിച്ചു. അടുക്കളയിൽ വെള്ളം ചൂടാക്കി മുട്ട പുഴുങ്ങിയതിന്റെയും പുറമെ പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വന്ന് കഴിച്ച കോഴിയിറച്ചിയുടെയും പൊറോട്ടയുടെയും അവശിഷ്ടങ്ങളും കണ്ടെത്തി. മുണ്ട് കഴുകി ഉണക്കാനും ഇട്ടിരുന്നു. അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സോഫയിൽ മലമൂത്ര വിസർജ്ജനവും നടത്തി. ഇവിടെ നിന്നും ഒന്നും കിട്ടാത്തതിന്റെ നിരാശയിലാണ് വീണ്ടും എത്തുമെന്ന കുറിപ്പ് എഴുതിവച്ചതെന്ന് കരുതുന്നു. പരവൂർ പൊലീസ് സ്റ്റേഷനിൽ നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയാണ് മൊട്ട ജോസ് കയറിയ ഈ രണ്ട് വീടുകളും.
മൊട്ട ജോസിനെ പിടികൂടാൻ പൊലീസിന് പുറമെ പരവൂരിലെ യുവാക്കളും സ്ക്വാഡുകളായി രാത്രികാലങ്ങളിൽ റോന്തുചുറ്റുകയാണ്. ഞായറാഴ്ച പരവൂർ കോട്ടപ്പുറത്തെ ഒരു വീട്ടുമുറ്റത്ത് കഴുകി ഉണക്കാനിട്ടിരുന്ന മുണ്ട് കാണാതായി. തൊട്ടടുത്ത് നിന്ന് തന്നെ മൊട്ട ജോസിന്റേതെന്ന് സംശയിക്കുന്ന മുഷിഞ്ഞ മറ്റൊരു മുണ്ട് കണ്ടെത്തി. തൊട്ടടുത്ത് അടഞ്ഞുകിടക്കുന്ന വീടിന്റെ മതിൽ ഒരാൾ ചാടിക്കടക്കുന്നത് കണ്ടതായി ഇന്നലെ രാവിലെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പാഞ്ഞെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |