ബീജിംഗ്: കഴിഞ്ഞ രണ്ട് വർഷമായി കടുത്ത ചുമ മൂലം ബുദ്ധിമുട്ടുകയായിരുന്നു കിഴക്കൻ ചൈനയിലെ ഷെജിയാംഗ് പ്രവിശ്യ സ്വദേശിയായ ഷൂ (54). ചുമയെ തളയ്ക്കാൻ ആദ്യം സ്വയം ചികിത്സ നടത്തി. ഫലം കാണാതെ വന്നതോടെ നാട്ടുവൈദ്യവും പരീക്ഷിച്ചു. എന്നിട്ടും രക്ഷയില്ലെന്ന് വന്നതോടെ ജൂണിൽ ആശുപത്രിയിലെത്തി. സിടി സ്കാൻ പരിശോധനയിൽ ഷൂവിന്റെ വലത് ശ്വാസകോശത്തിൽ ഒരു സെന്റീമീറ്റർ നീളത്തിൽ ഒരു ട്യൂമർ കണ്ടെത്തി.
ഇത് ഒന്നുകിൽ ന്യുമോണിയ ആകാം. അല്ലെങ്കിൽ ക്യാൻസർ. വിദഗ്ദ്ധ പരിശോധനയിൽ ക്യാൻസറാണെന്ന് സൂചിപ്പിക്കുന്ന എല്ലാ തെളിവുകളും ഡോക്ടർമാർക്ക് ലഭിച്ചു. നെഞ്ചിന് മദ്ധ്യത്തായി ശ്വാസകോശങ്ങൾക്ക് ഇടയിലുള്ള മീഡിയാസ്റ്റൈനൽ ലിംഫ് നോഡുകളിൽ വീക്കം കണ്ടെത്തിയതോടെ ക്യാൻസർ തന്നെയെന്ന് ഏറെക്കുറേ ഉറപ്പിച്ചു. ഇതോടെ ട്യൂമർ ബാധിച്ച ശ്വാസകോശത്തിന്റെ ഭാഗം നീക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.
ഇതിന് മുന്നോടിയായുള്ള ചില പരിശോധനകൾ കൂടി നടത്തിയതോടെ ഡോക്ടർമാർ എല്ലാം ഞെട്ടി. ട്യൂമറിന് പകരം മുളകിന്റെ ഒരു ഭാഗമായിരുന്നു ഷൂവിന്റെ ശ്വാസകോശത്തിൽ ശരിക്കുമുണ്ടായിരുന്നത്. ചുമയ്ക്ക് കാരണക്കാരനും ഈ മുളക് തന്നെ. രണ്ട് വർഷം മുമ്പ് എരിവുള്ള ഭക്ഷണം കഴിക്കുന്നതിനിടെ ഭയങ്കര ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടെന്ന കാര്യം ഷൂ അപ്പോൾ ഓർത്തു. അപ്പോഴാകാം മുളക് കയറിക്കൂടിയതെന്ന് കരുതുന്നു.
ശ്വാസകോശ ടിഷ്യുവിന് പിന്നിൽ മറഞ്ഞിരുന്നതിനാലാണ് സാധാരണ പരിശോധനകളിൽ മുളകിനെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. മുളകിന്റെ സാന്നിദ്ധ്യം അണുബാധ സൃഷ്ടിച്ചതാണ് ചുമയ്ക്ക് കാരണം. ഏതായാലും ശസ്ത്രക്രിയയിലൂടെ മുളകിനെ ഡോക്ടർമാർ പുറത്തെടുത്തു. ഷൂ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. ഏതായാലും തനിക്ക് ക്യാൻസറില്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |