കൊച്ചി: അമ്പതുശതമാനം പോലും കാഴ്ചയില്ല. പരിശീലിപ്പിക്കാൻ കോച്ചുമില്ല. സിന്തറ്റിക് ട്രാക്കിൽ പരിശീലിച്ചത് വെറും മൂന്നുദിവസം. പക്ഷേ, തോറ്റുകൊടുത്തില്ല നിയാസ് അഹമ്മദ്. സംസ്ഥാന സ്കൂൾ കായികമേളയിലെ സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കട്ടിക്കണ്ണടവച്ച് ഫിനിഷിംഗ് ലൈനിലേക്ക് കുതിച്ചു പാഞ്ഞെത്തി പൊന്നണിഞ്ഞു.
പരിമിതികളെ ഓടിത്തോൽപ്പിച്ച് കാസർകോടിന് ആദ്യ സ്വർണം നേടിക്കൊടുക്കാനായതിലും നിയാസിന് അഭിമാനം. അംഗഡി മൊഗർ ജി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 12.40 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിൽ കൊല്ലത്തിന്റെ സൗരവ്. എസിനെ മൈക്രോസെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളിയാണ് സ്വർണ നേട്ടം. പിതാവ് അബ്ദുൾ ഹമീദും മുത്തശ്ശി മറിയവുമടക്കം നിയാസിന്റെ അഭിമാന നേട്ടത്തിന് സാക്ഷിയായി.
കുട്ടിയായിരിക്കുമ്പോൾ പുസ്തകം വായിക്കാൻ കണ്ണിനടുത്ത് പിടിക്കുകയും നടക്കുമ്പോൾ തപ്പിത്തടയുകയും ചെയ്യുന്നത് കണ്ട് നിയാസിനെ വീട്ടുകാർ ഡോക്ടറെ കാണിച്ചു. അമ്പത് ശതമാനത്തോളം കാഴ്ചയില്ലെന്ന് കണ്ടെത്തി.
പലചികിത്സകളും നടത്തിയെങ്കിലും കൂടിയ പവറുള്ള കണ്ണട വയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. കണ്ണട ഊരിയാൽ അടുത്തുള്ള വസ്തുക്കൾപോലും കാണാനാകില്ല. ആ പരിമിതികൾ പക്ഷേ, ട്രാക്കിലെ വേഗക്കാരനാകാൻ നിയാസിന് തടസമായില്ല.
സിന്തറ്റിക് ട്രാക്ക് 55 കി.മി അകലെ
സ്കൂളിലെ 200 മീറ്റർ തികച്ചില്ലാത്ത മൺട്രാക്കിലായിരുന്നു പരിശീലനം. സ്കൂൾ മീറ്റിനായി മൂന്നുദിവസം മാത്രമാണ് സിന്തറ്റിക് ട്രാക്കിൽ ഓടിനോക്കിയത്. അതിനായി വീട്ടിൽ നിന്ന് 55 കിലോമീറ്റർ യാത്ര ചെയ്ത് നീലേശ്വരത്തെ ഇം.എം.എസ് സ്റ്റേഡിയത്തിലെത്തേണ്ടി വന്നു.
കാസർകോട് അങ്കുഡി മുഗറിൽ ഒറ്റിക്കെടുത്ത വീട്ടിലാണ് നിയാസും കുടുംബവും താമസിക്കുന്നത്. പിതാവിന് ചെറിയ ചെരുപ്പ് കടയാണ്. അമ്മ നസീമ. മൂന്ന് സഹോദരങ്ങളുണ്ട്. കാസർകോട്ട് കൂടുതൽ സിന്തറ്റിക് ട്രാക്കുകൾ വരണം. ഞങ്ങളേയും പരിഗണിക്കണം. അതാണ് നിയാസിന്റെ ആവശ്യം. അതാണ്
നിയാസിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |