പ്രൈമറി സ്കൂൾ പഠനകാലത്ത് ക്ലാസിൽ കയറാതെ പാടവരമ്പിലൂടെ നടക്കുമ്പോഴാണ് കുഞ്ഞു സുരേഷ് ആദ്യമായി പത്തിവിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കാണുന്നത്. ആക്രമിക്കാനൊരുങ്ങി നിൽക്കുന്ന കീരിയെ ഭയപ്പാടോടെ നോക്കുകയും പോരാട്ടത്തിനൊടുവിൽ ചത്തുവീഴുകയും ചെയ്ത പാമ്പിനെ കണ്ടപ്പോൾ വല്ലാത്തൊരു ഹൃദയവേദനയായിരുന്നു സുരേഷിന്. പിന്നീട് വീട്ടിലെ പശുവിന് പുല്ലരിയാൻ അമ്മയോടൊപ്പം പോയ സുരേഷ് പലവട്ടം പാമ്പുകളെ കണ്ടതോടെ പേടി മാറി.
ചെറുവയ്ക്കൽ യു.പി സ്കൂളിൽ നിന്നും മടങ്ങുമ്പോൾ തോട്ടിൽ നിന്ന് പരൽ മീനുകളെ പിടിച്ച് ചോറ്റു പാത്രത്തിൽ നിറച്ച വെള്ളത്തിലിട്ട് വീട്ടിലെത്തിക്കുന്നതു പോലെ ഒരിക്കൽ വഴിയരികിൽ കണ്ട പാമ്പിൻ കുഞ്ഞിനെയും കൊണ്ടായിരുന്നു സുരേഷിന്റെ വരവ്. ഭയന്നുപോയ അച്ഛനമ്മമാർ വഴക്കുപറഞ്ഞപ്പോൾ പാമ്പിൻ കുഞ്ഞിനെ സുരക്ഷിതമായി വിട്ടയച്ചെങ്കിലും പാമ്പുകളോടുള്ള സ്നേഹത്തിന് തെല്ലും കുറവുണ്ടായില്ല. വാവ എന്നു വീട്ടുകാർ വിളിച്ച ചെല്ലപ്പേരിൽ നിന്നും മലയാളികളുടെ സ്നേക്ക് മാസ്റ്ററായി വാവ സുരേഷ് മാറിയതിന്റെ തുടക്കമായിരുന്നു അത്.
കൽപ്പണിയിൽ നിന്നു സ്നേക്ക് മാസ്റ്ററിലേക്ക്
പത്താം ക്ലാസിന് ശേഷം പഠനം നിറുത്തിയ സുരേഷ് ഉപജീവനത്തിനായി കെട്ടിട നിർമ്മാണ തൊഴിലാളിയായി. സുരേഷിന്റെ പാമ്പുസ്നേഹം അറിയാവുന്ന നാട്ടുകാർ, പാമ്പിനെ കാണുമ്പോഴെല്ലാം സുരേഷിനെ വിളിച്ചു. കേട്ടറിഞ്ഞവരും വിളിച്ചുതുടങ്ങിയതോടെ നിർമ്മാണ തൊഴിലിന് പോകാൻ സമയം കിട്ടാതെയായി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കടക്കം കേരളത്തിൽ അങ്ങോളമിങ്ങോളം പതിനായിരക്കണക്കിന് വേദികളിൽ പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളാണ് ഇതുവരെ കൈകാര്യം ചെയ്തത്. പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് തുടക്കമിട്ടത് വാവയാണ്.
35 വർഷങ്ങൾ 50,000 ലേറെ പാമ്പുകൾ
പാമ്പുകളെ കണ്ടാൽ തല്ലികൊല്ലുന്നതിൽ നിന്നും പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിടുന്ന മനോഭാവത്തിലേക്ക് മലയാളികളെ മാറ്റിയെടുത്തതിന് കാരണക്കാരൻ വാവ സുരേഷാണ്. ഒറ്റഫോൺ കോളിലൂടെ കേരളത്തിലെവിടെയും ഓടിയെത്തി പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടയക്കുന്ന പതിവ് തുടങ്ങിയിട്ട് വർഷങ്ങൾ 35 പിന്നിടുന്നു . ഇതുവരെ 237 രാജവെമ്പാലയടക്കം 50,000 ത്തിലേറെ പാമ്പുകളെയാണ് വാവ സുരേഷ് പിടികൂടിയത്. കൂടുതലും മൂർഖൻ പാമ്പ്. പത്തനംതിട്ട മൂഴിയാറിൽ നിന്നാണ് ആദ്യ രാജവെമ്പാലയെ പിടിച്ചത്. അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പെരുമ്പാമ്പ്, കരിമൂർഖൻ, നാഗത്താൻ തുടങ്ങിയവയ്ക്ക് പുറമേ നാട്ടിലിറങ്ങിയ നീർനായ, മരപ്പട്ടി, മുള്ളൻ പന്നി, കീരി, കാട്ടുപൂച്ച, മാൻ, ദേശാടനപക്ഷികൾ എന്നിവയെയും സുരക്ഷിതമായി വനത്തിൽ വിട്ടയച്ചിട്ടുണ്ട്. 2006 ൽ വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം, ഫയർ ഫോഴ്സ്, പൊലീസ് എന്നിവയ്ക്കും കൊല്ലം ചോഴിയക്കോട് വനത്തിൽ നടന്ന ആർമിയുടെ ജംഗിൾ ട്രെയിനിംഗ് ക്യാമ്പിൽ 250 ജവാന്മാർക്കും പരിശീലനം നൽകിയത് വാവയാണ്.
വീടിനടുത്തു വച്ച് പാമ്പ് പിടിക്കുന്നതിനിടെയാണ് ആദ്യമായി കടിയേറ്റത്. ഇതുവരെ 200 ലേറെ തവണ പാമ്പുകടിയേറ്റു. അതിൽ 10 പ്രാവശ്യം ഐ.സി.യുവിലും നാലുതവണ വെന്റിലേറ്ററിലും കിടക്കേണ്ടിവന്നു. 2022 ഫെബ്രുവരിൽ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ് 14 ദിവസം കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ. പാമ്പുകടിയേറ്റ രണ്ടു കൈവിരലുകൾ മുറിച്ചു. കിഡ്നിക്കും കരളിനും ഇപ്പോഴും പ്രശ്നങ്ങളുണ്ട്.
അവാർഡുകൾ
വാർത്തേതര പരിപാടിയുടെ മികച്ച അവതാരകനായി 2019 ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്ററിന്റെ അവതരണത്തിനായിരുന്നു അവാർഡ്. 2013ൽ എം.പി മാധവൻ പിള്ള ഫൗണ്ടേഷന്റെ പ്രകൃതി സംരക്ഷണ അവാർഡ് മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മേനകഗാന്ധി വാവ സുരേഷിന് സമ്മാനിച്ചു. 2013 നവംബറിൽ കേരള സന്ദർശനത്തിനിടെ ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ വാവ സുരേഷിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നീലകേശി പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഏറ്റുവാങ്ങി. ചെറുതും വലുതുമായ പതിനായിരത്തോളം അംഗീകാരങ്ങൾ.
സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനകം 5 നിർദ്ധനർക്ക് വീട് വച്ചു നൽകിയ വാവ സുരേഷ് ഇപ്പോഴും ഓലക്കുടിലിലാണ് കഴിയുന്നത്. കെ.ബി. ഗണേഷ് കുമാർ വനം മന്ത്രിയായിരിക്കെ സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് പറഞ്ഞെങ്കിലും സ്ഥിര ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സഹായിക്കാനാകില്ലെന്ന കാരണം പറഞ്ഞ് വാഗ്ദാനം നിരസിച്ചു . ശ്രീകാര്യം ചെറുവയ്ക്കൽ തേരുവിള വീട്ടിൽ ബാഹുലേയൻ -കൃഷ്ണമ്മ ദമ്പതിളുടെ മകനായ സുരേഷിന് രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
1000 എപ്പിസോഡിന്റെ തിളക്കത്തിൽ സ്നേക്ക്മാസ്റ്റർ
മലയാളം ടെലിവിഷൻ ചരിത്രത്തിൽ വിനോദത്തിനും വിജ്ഞാനത്തിനും സാഹസികതയ്ക്കും പ്രാധാന്യം നൽകി വാവ സുരേഷ് അവതാരകനായി കൗമുദി ടി.വി ആരംഭിച്ച ജനപ്രിയ പരിപാടി 'സ്നേക്ക് മാസ്റ്റർ' 1000 -ാമത് എപ്പിസോഡിലേക്ക് . മനുഷ്യരുടെ രക്ഷകനും പാമ്പുകളുടെ തോഴനുമായ വാവ സുരേഷിനെ ലോകത്തിനെ പരിചയപ്പെടുത്തിയത് കേരള കൗമുദിയാണ്. കൗമുദി ടി.വിയിലൂടെയാണ് വാവ സുരേഷ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയതും. 2014 ഡിസംബർ 4 നായിരുന്നു ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്.
സ്നേക്ക് മാസ്റ്ററിന്റെ ഓരോ എപ്പിസോഡും റിയൽ ടൈം സ്റ്റോറികളാണ്. സംസ്ഥാന ടെലിവിഷൻ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പരിസ്ഥിതി സൗഹാർദ്ദ പരിപാടി ലോകത്ത് തന്നെ അപൂർവമാണ് . ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന്റെ വിചാരണ വേളയിൽ സ്നേക്ക് മാസ്റ്ററിന്റെ ഏഴ് എപ്പിസോഡുകളാണ് നിർണായക തെളിവായി കോടതി സ്വീകരിച്ചത്. ഉത്രയുടേത് കൊലപാതകമാകാമെന്ന് ആദ്യം സൂചനനൽകിയതും ഈ പരിപാടിയാണ്. വീടിന്റെ രണ്ടാമത്തെ നിലവരെ അണലിക്ക് ഇഴഞ്ഞെത്താനാകില്ലെന്നും ജനലിലൂടെ പാമ്പ് കയറിയ അടയാളങ്ങളില്ലെന്നും റിപ്പോർട്ട് ചെയ്ത സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ് ഒരാഴ്ച കൊണ്ട് യൂട്യൂബിൽ 50 ലക്ഷം പേരാണ് കണ്ടത്. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബിലും ഫേസ്ബുക്കിലും സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡുകൾ കാണുന്നത്.
കൗമുദി ടിവി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമനയാണ് സ്നേക്ക് മാസ്റ്ററിന്റെ സംവിധായകൻ. ആഗസ്റ്റ് 1 നാണ് 1000 -ാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
ആശംസയറിയിച്ച് സുരേഷ് ഗോപി
ആയിരം എപ്പിസോഡ് പൂർത്തിയാക്കുന്ന സ്നേക്ക് മാസ്റ്ററിനും അവതാരകൻ വാവ സുരേഷിനും കേന്ദ്രമന്ത്രി സുരേഷ്ഗോപി ആശംസ അറിയിച്ചു. വാവ സുരേഷിനെ നേരിട്ടു വിളിച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്.
കിട്ടുന്ന പണമെല്ലാം ജീവകാരുണ്യത്തിന്
അവാർഡുകളായും സമ്മാനങ്ങളായും കിട്ടുന്ന പണമെല്ലാം ജീവകാരുണ്യ പ്രവർത്തനത്തിനാണ് വാവ സുരേഷ് വിനിയോഗിക്കുന്നത്. ചെറുവയ്ക്കൽ കരിപ്രത്തലയിൽ ആരോരുമില്ലാത്ത അമ്മയ്ക്കടക്കം 5 പേർക്കാണ് വീട് വച്ചുനൽകിയത്. ആർ.സി.സിയിൽ ചികിത്സയിലുള്ള നിർദ്ധനർക്ക് ഇതുവരെ രണ്ടു കോടിയിലധികം രൂപ പലരിൽ നിന്നായി വാങ്ങി നൽകിയിട്ടുണ്ട്. നിർദ്ധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനു ധനസഹായം നൽകുന്നതിന് പുറമെ കാൽ നഷ്ടപ്പെട്ടവർക്ക് കൃത്രിമ കാൽ, ചികിത്സാ സഹായം, വൃക്ക മാറ്റിവയ്ക്കാൻ സാമ്പത്തിക സഹായം എന്നിവ ചെയ്തുവരുന്നു.എയ്ഡ്സ് രോഗബാധിതരായ 3 കുട്ടികളുടെ പഠന ചെലവ് 2017 വരെ വഹിച്ചു. വട്ടപ്പാറ, കുര്യാത്തി എന്നിവിടങ്ങളിലെ അനാഥാലങ്ങൾക്ക് സഹായം നൽകി വരുന്നു. എല്ലാവർഷവും കുര്യാത്തി ആനന്ദനിലയത്തിലെ അന്തേവാസികൾക്കൊപ്പമാണ് സുരേഷിന്റെ ഓണാഘോഷം.
ഇതുവരെ 237 രാജവെമ്പാല
ലോകത്ത് ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടികൂടിയതിന്റെ റെക്കാഡ് വാവ സുരേഷിനാണ്. 237 രാജവെമ്പാലകളെയാണ് സുരേഷ് ഇതുവരെ പിടികൂടിയത്. 45 രാജവെമ്പാലകളെ പിടിച്ച തായ്ലാന്റ് സ്വദേശിയുടെ റെക്കാഡാണ് സുരേഷ് മറികടന്നത്. കടിയേറ്റാൽ നിമിഷങ്ങൾക്കകം ജീവനെടുക്കുന്ന രാജവെമ്പാലയുടെ വിഷത്തിന് ആന്റിവെനം ലഭ്യമല്ല. മൂർഖൻ പാമ്പിന്റെ 20 ഇരട്ടി വിഷമാണ് രാജവെമ്പാല കുത്തിവയ്ക്കുന്നത്. തായ്ലാന്റ് സ്വദേശി മരണപ്പെട്ടതും രാജവെമ്പാലയുടെ കടിയേറ്റാണ്. അത്യന്തം അപകടമരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഓരോ രാജവെമ്പാലയെയും വാവ സുരേഷ് പിടികൂടുന്നത്.
പത്തനംതിട്ട മൂഴിയാറിൽ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തു നിന്നാണ് ആദ്യ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്നത്. ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച് ഹിൽഡി എന്നു പേര് നൽകി. രണ്ടാമത്തെ രാജവെമ്പാലയെയും മൂഴിയാറിൽ നിന്നാണ് പിടികൂടിയത്. ഇതിനെ ഗവി വനമേഖലയിൽ തുറന്നുവിട്ടു. കോന്നി തവളപ്പാറയിൽ നിന്നാണ് ഏറ്റവും നീളം കൂടിയ രാജവെമ്പാലയെ പിടികൂടിയത്. 18 അടി നീളമുണ്ടായിരുന്നു. ഏറ്റവും വണ്ണമുള്ള രാജവെമ്പാല കൊല്ലം തെന്മലയിൽ നാഗമല എന്ന സ്ഥലത്തുനിന്നാണ് പിടിച്ചത്. ഇതിനെ വേലുത്തോട് ചെക്ക് ഡാം പരിസരത്ത് തുറന്നുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |