ന്യൂഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ഹർജി സുപ്രീംകോടതി തള്ളി. ഇ ഡി അറസ്റ്റുചെയ്ത് ജയിലിലടച്ച സോറന് ജാമ്യം അനുവദിച്ചുള്ള ഹെെക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കഴിഞ്ഞ ജനുവരി 31നാണ് റാഞ്ചി രാജ്ഭവനിൽ നിന്ന് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ചമ്പൈ സോറൻ അധികാരമേറ്റെടുത്തു. ജൂൺ 28നാണ് സോറന് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ശേഷം ചമ്പൈ സോറൻ രാജി വയ്ക്കുകയും നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി.
ജാമ്യത്തിലിറങ്ങിയാൽ തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവർത്തിക്കാനും സാദ്ധ്യതയുണ്ടെന്ന ഇ ഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ജാർഖണ്ഡ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്ന് തോന്നുന്നില്ലെന്നും അന്ന് ബെഞ്ച് വിലയിരുത്തിയിരുന്നു. വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കെെക്കലാക്കിയെന്നതുൾപ്പെടെ മൂന്ന് കേസുകളാണ് ഹേമന്ത് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |