തൊടുപുഴ: അതിദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാർഗങ്ങൾ എത്തിച്ച് കുടുംബശ്രീയും. 'ഉജ്ജീവനം' പദ്ധതിയിലൂടെയാണ് കുടുംബശ്രീ അതിദരിദ്രരുടെ കണ്ണീരൊപ്പുന്നത്. വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്തത ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭവന സന്ദർശനം, പദ്ധതി തയ്യാറാക്കൽ, സാധുത പരിശോധന, മൊബൈൽ ആപ്പ് എൻട്രി, സ്കിൽ പരിശീലനം, സാമ്പത്തിക സഹായം അനുവദിക്കൽ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കുക. അതിദാരിദ്ര നിർമാർജന പദ്ധതിയിലുൾപ്പെട്ട വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ സോഷ്യൽ ഡെവലപ്മെന്ര് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ (എസ്.ഡി.സി.ആർ.പി) നിയമിച്ചിട്ടുണ്ട്. ഇവർ കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരുവീട്ടിൽ ചെലവഴിച്ച് അവരെ കേട്ട് ആവശ്യങ്ങൾ മനസിലാക്കി തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതി രേഖപ്പെടുത്തണം. ഇതുപ്രകാരം കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് മുഖേനയാണ് പദ്ധതി തയ്യാറാക്കി നൽകുന്നത്.
=സ്റ്റാർട്ട് അപ്പ് ഫണ്ടായി വ്യക്തികൾക്ക് 50,000 രൂപയും ഗ്രൂപ്പുകൾക്ക് ഒരംഗത്തിന് 50,000 എന്ന രീതിയിൽ പരമാവധി 2,50,000 രൂപയുമാണ് നൽകുന്നത്.
എൻ.ആർ.എൽ.എം ഫണ്ടിൽനിന്നാണ് തുക വിനിയോഗിക്കുക. ജില്ലയിൽ നിലവിൽ ഗാർമെന്റ്സ്, വുഡ് ക്രാഫ്‌റ്റ് യൂണിറ്റ്, ആട്, കോഴി, മുട്ടക്കോഴി, പശു വളർത്തൽ, തയ്യൽ യൂണിറ്റ്, തുണിസഞ്ചി നിർമാണ യൂണിറ്റ്, ലോട്ടറിക്കട, കിയോസ്ക്, പലചരക്കുകട, പെട്ടിക്കട, കുട നിർമാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് തുടങ്ങിയത്. സ്കിൽ പരിശീലനം വേണ്ടവർക്ക് നൽകും. ഉജ്ജീവനം രണ്ടാംഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
=രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം 100ദിന കർമ പരിപാടിയിലും അതിദാരിദ്ര നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഉപജീവനം ഉറപ്പാക്കാൻ തുക അനുവദിച്ചിട്ടുണ്ട്.
'ഉജ്ജീവനം' എന്നാൽ
ദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാർഗങ്ങൾ എത്തിക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് 'ഉജ്ജീവനം'. ഏതെങ്കിലും ഉപജീവന പദ്ധതിയുണ്ടെങ്കിൽ അതിദരിദ്രത്തിൽനിന്ന് കരകയറാൻ സാധിക്കുമെന്ന് ബോധ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി പദ്ധതികൾ തയ്യറാക്കി പരമാവധി 50,000 രൂപവരെ സ്റ്റാർട്ട് അപ് ഫണ്ട് നൽകും. 2023- 24 സാമ്പത്തികവർഷത്തിൽ തുടങ്ങിയ 'ഉജ്ജീവനം' പദ്ധതിയിലൂടെ ജില്ലയിൽ 42 കുടുംബങ്ങൾക്കായി 17,77,000 രൂപയുടെ ഉപജീവന പദ്ധതികളാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |