തിരുവനന്തപുരം: ക്രമക്കേടുകളുടെ പേരിൽ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പിന്നീട് പുന:സ്ഥാപിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടപടി നിലനിൽക്കില്ലെന്ന കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നാല് കരാറുകളാണ് റദ്ദാക്കപ്പെട്ടത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇനി വൈദ്യുതി കിട്ടില്ലെന്നതും കരാർ റദ്ദാകുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി കമ്മിയുണ്ടാകുമെന്നതും കണക്കിലെടുത്താണ് അപ്പീൽ നൽകുന്നത്. അപ്പീലിൽ കക്ഷിചേരണോ എന്ന് സർക്കാർ പിന്നീട് തീരുമാനിക്കും.
കെ.എസ്.ഇ.ബിയിൽ ഒരു ഡി.എ കുടിശിക
കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും ആഗസ്റ്റ് ഒന്നുമുതൽ 3% ഡി.എ.,ഡി.ആർ.വർദ്ധന ലഭിക്കും. കുടിശിക ഡി.എയിലെ ഒരു ഗഡുവാണിത്. 2022 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്. ജീവനക്കാരുടെ കുടിശിക പി.എഫിൽ ലയിപ്പിക്കും.ഇത് 2028ജനുവരി ഒന്നിന് മുമ്പ്പിൻവലിക്കാനാവില്ല.അതിന് മുമ്പ് വിരമിക്കുന്നവർക്ക് അതത് സമയത്ത് പിൻവലിക്കാം. പെൻഷൻകാരുടെ ഡി.ആർ.കുടിശിക പത്തുതുല്യ മാസതവണകളായി വിതരണം ചെയ്യും.
2021ഏപ്രിലിൽ സർക്കാർ ജീവനക്കാർക്കൊപ്പം കെ.എസ്.ഇ.ബിയിലും ശമ്പളം പരിഷ്കരിച്ചിരുന്നു. ഇതോടൊപ്പം ലഭിക്കേണ്ട ഡി.എ സർക്കാർ ജീവനക്കാർക്ക് നൽകാതിരുന്നതിനാൽ കെ.എസ്.ഇ.ബിയിലും അനുവദിച്ചില്ല.
കെ.എസ്.ഇ.ബിയിൽ ഡി.എ അനുവദിക്കുന്നതിന് സർക്കാർ മുൻകൂർ അനുമതി ആവശ്യമാണെന്ന് ഉത്തരവും ഇതിനിടെ വന്നു. കഴിഞ്ഞയാഴ്ച കെ.എസ്.ഇ.ബി നൽകിയ കത്ത് പരിഗണിച്ച സർക്കാർ ഡി.എ അനുവദിക്കാൻ അനുമതി നൽകി. തുടർന്നാണ് ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഡി.എ അനുവദിക്കാൻ തീരുമാനിച്ചത്. ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |