കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിന്റെ വ്യാപ്തി വിചാരിക്കുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഉരുൾപൊട്ടലിൽ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. എഴുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടന്ന പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ പ്രതികരണങ്ങൾ ഉള്ളുലയ്ക്കുന്നതാണ്. ഒരിക്കൽ പോലും തങ്ങളെ തേടിയെത്തില്ലെന്ന് കരുതിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.
ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ പ്രതികരണത്തിലേക്ക്...
'ഞാനും കുടുംബവും ഉമ്മയെ കാണാൻ പോയത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. എല്ലാം പോയി. ഇപ്പോൾ ഇട്ടിരിക്കുന്ന ഈ ഡ്രസ് മാത്രമേ ഉള്ളൂ. ദൈവം തന്നതാണ് അതൊക്കെ. പോയ്‌ക്കോട്ടെ. അയൽക്കാരിൽ ഒരു കുടുംബം പോയി. അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ കാണുന്ന പ്രദേശത്തൊക്കെ വീടുകളായിരുന്നു. 250ഓളം വീട് ഇതിന്റെ അടുത്തുണ്ട്. മരണ സംഖ്യ എത്രയാണെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.
എന്റെ ഉമ്മാന്റെയും കുട്ടികളെയും ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. ഞങ്ങൾക്ക് അത്രയും വിശ്വാസമായിരുന്നു. ഈ വഴിയിലൊന്നും വെള്ളച്ചാല് പോലും ഇല്ലാത്തതാണ്. ഇവിടെ ഇങ്ങനെ ഒന്നും അല്ലായിരുന്നു. വളരെ സുന്ദരമായ സ്ഥലം. എല്ലാവരും തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ഞങ്ങളുടെ വിധി. അല്ലാതെ എന്ത് പറയാൻ'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |