തിരുവനന്തപുരം: വിവിധ തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ട് സീറ്റുകൾ പാർട്ടിക്ക് നഷ്ടപ്പെട്ടു.
കണ്ണൂർ ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ ജയിച്ചു. തലശ്ശേരി നഗരസഭ വാർഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എംഎ സുധീശൻ 237 വോട്ടുകൾക്ക് ജയിച്ചു. പടിയൂർ - കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിൽ സിപിഎമ്മിലെ കെ സവിത 88 വോട്ടിന് ജയിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാർഡിൽ സിപിഎമ്മിലെ എം ലീല 188 വോട്ടുകൾക്ക് ജയിച്ചു.
മലപ്പുറം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ട് സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി. മുന്നിയൂർ പഞ്ചായത്തിൽ ആറ് പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിന് ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു. നാലുപതിറ്റാണ്ടായി സിപിഎം സ്ഥാനാർത്ഥിയാണ് ഇവിടെ ജയിച്ചിരുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുടെ മലപ്പുറം നഗരസഭയിൽ മുസ്ലീം ലീഗും സിറ്റിംഗ് സീറ്റ് നിലനിർത്തി.
ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് പഞ്ചായത്ത് വാർഡുകളിൽ രണ്ടെണ്ണം സിപിഎമ്മും ഒരണ്ണം ബിജെപിയും നേടി. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. എറണാകുളം ജില്ലയിൽ ചൂർണിക്കര പഞ്ചായത്ത് ഒൻപതാം വാർഡിൽ 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ കെ ഷെമീർ ലാല (യുഡിഎഫ്) വിജയിച്ചു.
വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡും യുഡിഎഫ് നിലനിർത്തി. ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ടാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. പാലക്കാട് ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന് അഞ്ചിടങ്ങളിൽ എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അട്ടിമറി ജയം. ഷോളയൂർ പഞ്ചായത്ത് കോട്ടത്തറ വാർഡ് എൽഡിഎഫ് നിലനിർത്തി. പുതുനഗരം പഞ്ചായത്ത് തെക്കത്തിവട്ടാരം വാർഡിൽ ലീഗിലെ താജുമ്മ മുജീബയിലൂടെ യുഡിഎഫ് സീറ്റ് നിലനിർത്തി. തച്ചമ്പാറ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് ബാബു ജയിച്ചു. മങ്കരപഞ്ചായത്തിൽ സിപിഐയുടെ സിറ്റിംഗ് സീറ്റായ നാലാം വാർഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റൊരു സീറ്റ്.
തിരുവനന്തപുരം ആറ്റിങ്ങൾ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കിൽ സിപിഎം സ്ഥാനാർത്ഥി എം എശ് മഞ്ജു വിജയിച്ചു. തോട്ടവാരം വാർഡിൽ സിപിഎം വിജയിച്ചു. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയിൽ സിപിഎം സ്ഥാനാർത്ഥി ഷിനു മടത്തറ വിജയിച്ചു. കൊല്ലായിൽ സിപിഎമ്മിന്റെ കലയപുരം അൻസാരി വിജയിച്ചു. കരിമൺകോട് വാർഡിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചു. പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴംകുളം പഞ്ചായത്തിലെ നാലാം വാർഡിൽ യുഡിഎഫിന് വിജയം. ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡിൽ യുഡിഎഫിന് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |