തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ രാത്രി കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് വിവരം. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ സംസ്ഥാനത്ത് പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്. തൃശൂർ, എറണാകുളം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ അംഗനവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്റർ വരെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്‌ക്ക് മാറ്റമില്ല.
വരുന്ന മൂന്ന് മണിക്കൂറിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഓഗസ്റ്റ് രണ്ട് വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |