
ശ്രീനഗർ: കാശ്മീരിലേക്ക് ചരക്ക് ട്രെയിൻ യാഥാർത്ഥ്യമായിട്ട് കുറച്ച് മാസങ്ങളായി. ഇപ്പോഴിതാ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് റെയിൽവേസ്റ്റേഷനിലെ ഗുഡ്സ് ഷെഡിൽ വിജയകരമായി എത്തിച്ചേർന്നിരിക്കുകയാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ആദ്യത്തെ ഭക്ഷ്യധാന്യങ്ങളടങ്ങിയ ചരക്ക് ട്രെയിൻ.
പഞ്ചാബിലെ അജിത്വാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 വാഗണുകളിലായി ഏകദേശം 1,384 ടൺ അരിയുമായാണ് ചരക്ക് ട്രെയിൻ അനന്ത്നാഗിലെത്തിയത്. കാശ്മീർ താഴ്‌വരകളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുക എന്ന ദീർഘകാല മോഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ഇന്ത്യൻ റെയിൽവേയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
മുൻപ് ഓഗസ്റ്റിലാണ് ചരിത്രത്തിലാദ്യമായി കാശ്മീരിൽ ചരക്കു ട്രെയിൻ എത്തിയത്. പഞ്ചാബിലെ രൂപ്‌നഗറിൽ നിന്ന് 21 വാഗൺ സിമന്റ് വഹിച്ചു കൊണ്ടായിരുന്നു അന്ന് ഇതേ ഗുഡ് ഷെഡിൽ ട്രെയിൻ എത്തിച്ചേർന്നത്. നിർമ്മാണ പദ്ധതികളെ വേഗത്തിലാക്കാനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇപ്പോൾ കശ്മീരിലെ വിദൂര പ്രദേശങ്ങളിൽ തടസമില്ലാതെ വേഗത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുക എന്നതാണ് സമഗ്ര പദ്ധതിയിലൂടെ റെയിൽവേ അടുത്തതായി ലക്ഷ്യമിടുന്നത്. റോഡ് മാർഗമുള്ള ഗതാഗതത്തെ അപേക്ഷിച്ച് റെയിൽ വഴിയുള്ള നീക്കം ചെലവ് കുറയ്ക്കുകയും ചരക്ക് നീക്കം വേഗത്തിലാക്കുകയും ചെയ്യും.
പ്രാദേശിക വിപണനം മെച്ചെപ്പെടുത്താൻ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയിലൂടെ കഴിയും. കൂടാതെ കാർഷിക സമ്പദ് വ്യവസ്ഥയ്ക്കും കരുത്തേകും. ലോജിസ്റ്റിക്സ് മേഖലയിലടക്കമുള്ള അനുബന്ധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സഹായിക്കുമെന്നും റെയിൽവേ അറിയിച്ചു. അനന്ത്നാഗ് ഗുഡ്സ് ടെർമിനൽ കമ്മീഷൻ ചെയ്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം ഇതുവഴി സുഗമമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |