പാരീസിൽ, ഒളിമ്പിക്സിന്റെ തുടക്കത്തിൽത്തന്നെ ഇന്ത്യൻ ജനതയ്ക്ക് സന്തോഷവാർത്തയെത്തിരിക്കുന്നു. വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ ഒന്നല്ല, രണ്ട് വെങ്കല മെഡലുകളാണ് പാരീസിലെ ഷാറ്ററൂ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് സ്വന്തമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലായിരുന്നു ആദ്യ വെങ്കലം. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗിനൊപ്പം വെങ്കലം നേടി. സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരമാണ് മനു ഭാക്കർ. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും ഹരിയാനക്കാരിയായ മനു തന്നെ. നാളെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽക്കൂടി മത്സരിക്കുന്നതിനാൽ ഈ 22കാരിയിൽ നിന്ന് മൂന്നാമതൊരു മെഡലും പ്രതീക്ഷിക്കാം. 1900-ത്തിൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അത്ലറ്റ് നോർമൻ പ്രിച്ചാർഡ് രണ്ട് വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. രണ്ട് ഒളിമ്പിക്സ് മെഡലുകൾക്ക് അർഹയായാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് മനു.
ബാഡ്മിന്റൺ താരം പി.വി സിന്ധു 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടിയിട്ടുണ്ട്. സിന്ധുവിനും മനുവിനും മുമ്പ് പുരുഷ ഗുസ്തിതാരം സുശീൽ കുമാർ രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിരുന്നു. 2008ൽ ബെയ്ജിംഗിൽ വെങ്കലവും 2012-ൽ ലണ്ടനിൽ വെള്ളിയുമാണ് സുശീൽ നേടിയിരുന്നത്. ഒളിമ്പിക് ഷൂട്ടിംഗിലെ ഇന്ത്യയുടെ ആറാം മെഡലാണ് മനുവും സരബ്ജോതും ചേർന്ന് വെടിവച്ചിട്ടത്. 2004-ൽ രാജ്യവർദ്ധൻ സിംഗ് നേടിയ വെള്ളിയാണ് ആദ്യ മെഡൽ. 2008-ൽ അഭിനവ് ബിന്ദ്ര സ്വർണം നേടി. 2012-ൽ വിജയകുമാർ വെള്ളിയും ഗഗൻ നാരംഗ് വെങ്കലവും നേടി. തന്റെ 16-ാം വയസിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി വിസ്മയം സൃഷ്ടിച്ച മനു ഭാക്കർ മൂന്നു വർഷം മുമ്പ് ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ മത്സരസമയത്ത് സാങ്കേതികപ്പിഴവുകാരണം തോക്ക് പണിമുടക്കിയത്, അന്ന് കൗമാരം കടന്നിട്ടില്ലാത്ത അവളെ വല്ലാതെ തകർത്തുകളഞ്ഞു. ഫൈനൽ റൗണ്ടിൽ കടക്കാൻ കഴിയാതെയാണ് മനുവിന് മടങ്ങേണ്ടിവന്നത്. ഷൂട്ടിംഗ് റേഞ്ചിൽ നിറഞ്ഞൊഴുകിയ കണ്ണുകളോടെ നിന്ന മനു ടോക്യോയിലെ ഏറ്റവും വലിയ സങ്കടക്കാഴ്ചയായിരുന്നു.
അവിടെ നിന്നാണ് പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഇരട്ട മെഡൽ വേട്ടക്കാരിയായി ചരിത്രം കുറിച്ചത്. ടോക്യോയിൽ നിന്ന് പാരീസിലേക്കുള്ള മനുവിന്റെ യാത്ര ഏതൊരു അത്ലറ്റിനും പാഠമാണ്. തിരിച്ചടികളിൽ പതറുന്നവർക്കുള്ളതല്ല മത്സരവേദികളെന്ന് മനുവിന്റെ പ്രകടനം പറയും. തന്റെ പിഴവുകളും തെറ്റായ തീരുമാനങ്ങളും തിരുത്തി മുന്നേറാനുള്ള ആർജവമാണ് മനുവിനെ വിജയപഥത്തിലേക്ക് തിരിച്ചെത്തിച്ചത്. ടോക്യോ ഒളിമ്പിക്സിന് തൊട്ടുമുമ്പ് പരിശീലകനായിരുന്ന ജസ്പ്രീത് റാണയുമായി പിണങ്ങിപ്പിരിയേണ്ടിവന്നത് മനുവിന് വലിയ തിരിച്ചടിയായിരുന്നു. ടോക്യോയിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം റാണയുമായുള്ള ഭിന്നതകൾ പരിഹരിക്കാനും വീണ്ടും ഒരുമിച്ച് പരിശീലനം നടത്താനുമുള്ള പക്വതയാർന്ന തീരുമാനമെടുത്തത് മനുവിന് മനക്കരുത്തു പകർന്നു. അതിനു ശേഷമായിരുന്നു ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടാൻ കഴിഞ്ഞത്. ഇക്കുറി 10 മെഡലുകളാണ് ഇന്ത്യ ഒളിമ്പിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിലേക്ക് മികച്ച തുടക്കമിട്ടിരിക്കുകയാണ് മനു. മനുവിന്റെ നേട്ടം മറ്റ് കായികതാരങ്ങൾക്ക് പ്രചോദനം പകരുമെന്നത് തീർച്ചയാണ്. ഒരിക്കൽക്കൂടി മനുവിന് അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |