ആലപ്പുഴ: കേരളം കണ്ട ഏറ്റവുംവലിയ ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ ഉരുൾപ്പെട്ടലിന്റെ
പശ്ചാത്തലത്തിൽ പത്തിന് നടക്കേണ്ട നെഹ്റുട്രോഫി ജലമേള മാറ്റിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജലോത്സവ പ്രേമികൾ. ജലമേള മാറ്റവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും ജില്ലാ കളക്ടർക്കടക്കം നിവേദനം സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കാം എന്ന തീരുമാനത്തിലാണ് സംഘാടകർ. ജില്ലാ കളക്ടർ ഇന്നലെയും പവലിയനിലും പരിസരങ്ങളിലും നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
തീരുമാനം വൈകരുത്
ജലമേള മാറ്റിവയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് എത്രയും വേഗമാകുന്നതാണ് ക്ലബുകളുടെ സാമ്പത്തിക നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ നല്ലത്. ദിവസങ്ങൾ നീണ്ടുപോകും തോറും പ്രതിദിന ട്രയലിന്റെയും ക്യാമ്പിന്റെയുമടക്കം ചെലവേറും. ഇതിനകം കോടികൾ ചെലവാക്കിയാണ് ഓരോ പ്രധാന ടീമുകളിലും കളത്തിലിറങ്ങിയിരിക്കുന്നത്. കളി മാറ്റിവച്ച്, ടീം താത്‌കാലികമായി പിരിച്ചുവിടേണ്ടി വന്നാൽ സാമ്പത്തിക നഷ്ടമുറപ്പാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയിരിക്കുന്ന കായിക താരങ്ങളെ പുതിയ തീയതിക്ക് ലഭിക്കുന്നതടക്കമുള്ള പ്രതിസന്ധികളുമുണ്ട്. ജലമേളയ്ക്ക് ഒരാഴ്ച സമയമുള്ളതിനാൽ മത്സരം മാറ്റിവയ്ക്കില്ലെന്ന ശുഭപ്രതീക്ഷയിൽ ട്രയൽ നടത്തുകയാണ് ക്ലബുകൾ.
പ്രതിസന്ധികൾ പലത്
വള്ളംകളി മാറ്റിവച്ചാൽ ചെലവ് കൂടുകയും, വരവ് കുറയുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. സംഘാടകർക്ക് നിലവിലെ സ്പോൺസർമാരെ വീണ്ടും ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ല. പുതിയ തീയതിക്ക് വരാൻ അസൗകര്യമുള്ള കാണികൾ ടിക്കറ്റ് തിരികെ ഏൽപ്പിച്ചാൽ തുകയും മടക്കി നൽകേണ്ടിവന്നേക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പന്തലടക്കം പൊളിച്ചുമാറ്റി, വീണ്ടും ഇടേണ്ടി വരുന്നത് ഇരട്ടിച്ചെലവിന് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |