തമിഴ് സിനിമയിലാണ് ഇപ്പോൾ ഫോക്കസ് ചെയ്യുന്നതെന്ന് പറയാനാകില്ലെന്നും നല്ല ഇന്ററസ്റ്റിംഗ് ആയ പ്രോജക്‌ടുകൾ തമിഴിൽ നിന്ന് തേടിയെത്തുകയായിരുന്നുവെന്നും നടി മഞ്ജു വാര്യർ. ആയിഷയ്ക്ക് ശേഷം വരുന്ന മലയാളം സിനിമ എമ്പുരാനാണെന്നും താരം പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'കഴിഞ്ഞ ഒരുവർഷമായി തമിഴ് സിനിമയുടെ ഷൂട്ടിംഗിൽ തന്നെയായിരുന്നു. മനു ആനന്ദ് സംവിധാനം ചെയ്ത് ആര്യ നായകനാവുന്ന മിസ്റ്റർ എക്‌സ്, വിജയ് സേതുപതി നായകനാവുന്ന വെട്രിമാരൻ ചിത്രം വിടുതലൈ2, ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയാൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ'- താരം പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്നുവരുമെന്ന ചോദ്യത്തിനും മഞ്ജു വാര്യർ മറുപടി നൽകി. 'ഇപ്പോൾ എമ്പുരാന്റെ ഷൂട്ടിംഗും നടന്നുകൊണ്ടിരിക്കുകയാണ്. എമ്പുരാൻ എന്തായിയെന്നും എപ്പോൾ വരുമെന്നുമൊന്നും എനിക്കറിയില്ല. ഞാൻ കുറച്ച് ദിവസമേ വർക്ക് ചെയ്തിട്ടുള്ളൂ. ഇനിയും ഷൂട്ട് ബാക്കിയുണ്ട്. എനിക്ക് വളരെ എക്‌സൈറ്റ്‌മെന്റ് ഉള്ള ഒരു പ്രൊജക്ടാണ്. ഈ വർഷം മുഴുവൻ ഷൂട്ടിംഗ് കാണുമായിരിക്കും. അറ്റവും വാലും അറിഞ്ഞുള്ള അറിവ് മാത്രമാണിത്. എന്തായാലും അടുത്തവർഷം സിനിമ പുറത്തിറങ്ങും. പ്രേക്ഷകർ വലിയ സ്‌നേഹത്തോടെ സ്വീകരിച്ച സിനിമയാണ് ലൂസിഫർ. സിനിമയെക്കുറിച്ച് ആധികാരികമായി പറയാൻ എനിക്കവകാശമില്ല. സിനിമയ്ക്ക് സീക്വലും പ്രീക്വലും ഉണ്ട്'- മഞ്ജു വാര്യർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |