
സിനിമയിൽ സംവിധാനത്തിനും സംഗീതത്തിനുമുള്ള അതേ പ്രധാന്യം നൽകുന്ന ഒരു മേഖലയാണ് വസ്ത്രാലങ്കാരം. പല സിനിമകളിലും നായകനും നായികയും ധരിക്കുന്ന വസ്ത്രങ്ങൾ ട്രെൻഡിംഗായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ കോസ്റ്റ്യൂം ഡിസൈനറെന്ന വിശേഷണം നേടിയെടുത്ത സമീറ സനീഷ് വസ്ത്രാലങ്കാരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ആഗതൻ, അന്നയും റസൂലും, ഭീഷ്മ പർവം, കാതൽ, തുടരും തുടങ്ങി 200ൽ അധികം സിനിമകളിൽ സമീറ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും പ്രേമം, സാൾട്ട് ആൻഡ് പേപ്പർ, ഭീഷ്മ പർവം, ഹൗ ഓൾഡ് ആർ യു, തട്ടത്തിൽമറയത്ത് എന്നീ ചിത്രങ്ങളിലെ നായികാ നായകൻമാരുടെ വേഷങ്ങൾ ഇപ്പോഴും മലയാളികളുടെ മനസിൽ നിലനിൽക്കുന്നുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിന് സമീറ മൂന്നു തവണയാണ് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും ഷൂട്ടിംഗ് കഴിഞ്ഞാൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എന്തുചെയ്യുമെന്ന കാര്യവും സമീറ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
'മമ്മൂക്കയ്ക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് കംഫർട്ടാണ്. മമ്മൂക്കയ്ക്ക് സോഫ്റ്റ് ഫാബ്രിക്കാണ് ഇഷ്ടം. ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ വേഷം കംഫർട്ടായില്ലെങ്കിലും കഥാപാത്രത്തിന്റെ ആവശ്യത്തിനായി അദ്ദേഹം ആ വേഷം ധരിച്ചു. ഭീഷ്മ പർവത്തിൽ അദ്ദേഹത്തിനായി 12 കുർത്തകൾ തയ്യാറാക്കി. പ്രത്യേക തരത്തിലുള്ള കുർത്തകളായിരുന്നു അത്. അവ ധരിച്ചപ്പോൾ മമ്മൂക്കയുടെ കൈകൾ ചുവന്ന് പ്രശ്നമായിരുന്നു.പിന്നീട് മറ്റൊരു ഫാബ്രിക്ക് ഉപയോഗിക്കുകയായിരുന്നു. മമ്മൂക്ക സംസ്ഥാന പുരസ്‌കാരം വാങ്ങാൻ പോയ ദിവസം ധരിച്ചത് ഞാൻ ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. അത് എനിക്ക് പുരസ്‌കാരം കിട്ടിയതിലും വലിയ സന്തോഷമായിരുന്നു.
ഡിസൈൻ ചെയ്ത വസ്ത്രങ്ങളെല്ലാം നിർമാതാവിന് പെട്ടിയിലാക്കി കൊടുക്കും. അവ ചിലപ്പോൾ നിർമാതാക്കൾ അവരുടെ അടുത്ത ചിത്രത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ ജൂനിയേഴ്സിന് കൊടുക്കും. അല്ലാതെ അവയൊന്നും കൂടുതലായി രണ്ടാമത് ഉപയോഗിക്കില്ല'- സമീറ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |