കുട്ടികളുടെ ആന്തോളജി ഫൈവ് സീഡ്സ് എന്ന ചിത്രം സീ സ്പേസ് ഒ.ടി. ടി പ്ളാറ്റ് ഫോമിലൂടെ റിലീസ് ചെയ്തു. അശ്വിൻ പി. എസ് കഥ , തിരക്കഥ , സംഭാഷണം , സംവിധാനം, സംഗീതം , നിർമ്മാണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം നിത്യജീവിതത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അഞ്ചു കഥകളായി അവതരിപ്പിക്കുന്നു.
ഗൗരി മീനാക്ഷി , സേതു ലക്ഷ്മി , പാർത്ഥ സാരഥി , രുദ്രനാഥ് , ആദിത്യൻ എന്നീ ബാലതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കുട്ടികളെ ഓഡിഷനിലൂടെയാണ് കണ്ടെത്തിയത് . ഗൗരി മീനാക്ഷി അശ്വിന്റെ മകളാണ് . തിരുവനന്തപുരം ആയുർ വേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ ശ്രീജിത്ത് സോമനാഥനും ഗവ. ആയുർവേദ കോളേജ് ജീവനക്കാരനായ ശ്യാം രവിയും , പ്രൊഫഷണൽ നാടക രംഗത്തു നിന്ന് അജീഷ് കൃഷ്ണയും , വിദ്യാർത്ഥിയായ ബജ് രംഗും , ആങ്കറിംഗ് രംഗത്തു നിന്ന് കവിത കാർത്യായനിയും ചിത്രത്തിന്റെ ഭാഗമാണ്. ആദിത്യ രഘു , ആദ്രജ , ഡേവിഡ് എബ്രഹാം , ദീപ്തി ,സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ . 2022ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവർഡ് നേടിയ ഫൈവ് സീഡ്സ് ലോസ് ആഞ്ചലസ് റോയൽ ചാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്തോളജി ചിത്രങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കും തിയേറ്ററുകളും പ്രേക്ഷകരും അവാർഡ് നിർണയ സമിതിയും പലപ്പോഴും വേണ്ടത്ര പരിഗണന നൽകാറില്ലെന്നാണ് അശ്വിന്റെ പരാതി. ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്ന ചിത്രങ്ങൾക്കൊപ്പം ഫൈവ് സീഡ്സ് ഇടം പിടിച്ചിട്ടുണ്ട്.സിനിമാ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ബാങ്കിംഗ് ജീവിതം ഉപേക്ഷിച്ചാണ് അശ്വിൻ എത്തുന്നത് . പിന്തുണയും പ്രോത്സാഹനവും നൽകി ഭാര്യ ഡോ. ലക്ഷ്മി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |