ജീവിതത്തിൽ വീണ്ടും സിംഗിളായെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുമെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ താനാരയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ. കേരളകൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ റിലേഷൻ ബ്രേക്ക്അപ്പ് ആയതിനെക്കുറിച്ച് പറഞ്ഞത്.
'ഞാനൊരു റിലേഷനിലായിരുന്നു. അത് ഇപ്പോൾ അവസാനിച്ചു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാരണം എനിക്കും മറ്റൊരു വ്യക്തിക്കും അത് ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാനും സാധിക്കില്ല. അങ്ങനെയാണെങ്കിൽ ഞാനാണ് അവരെ കൂടുതൽ ദ്രോഹിക്കുന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അത് ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഈ ഒരു അവസ്ഥ എപ്പോഴും നിലിനിർത്താൻ സാധിക്കില്ല. അപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.
ഇത് കുടുംബജീവിതത്തിന് ചേരുന്നതല്ല. ഇത് എനിക്ക് ആദ്യസമയങ്ങളിൽ മനസിലായില്ല. അഭിനയവും ജീവിതവും രണ്ട് രീതിയിൽ കൊണ്ടുപോകാമെന്നാണ് വിചാരിച്ചത്. അങ്ങനെ കൊണ്ടുപോകാൻ സാധിക്കുന്നവരുണ്ട്. എനിക്കത് പറ്റില്ലന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായി. ഇത് ഞങ്ങൾക്ക് രണ്ടുപേർക്കും മനസിലായി. അങ്ങനെയാണ് ആ ബന്ധം ഒഴിവാക്കിയത്. അതിന്റെ ബുദ്ധിമുട്ടുകൾ ആദ്യത്തെ കുറച്ച് ദിവസം ഉണ്ടാകും. ആ വ്യക്തിക്കും ഉണ്ടാകും. പക്ഷെ കുറച്ച് കഴിയുമ്പോൾ ആ വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം അനുഭവിക്കാം. ഞാൻ വീണ്ടും സിംഗിളായി. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും. നമ്മുടെ ശ്രദ്ധ തന്നെ പൂർണമായി നഷ്ടപ്പെടും'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |