തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് അടുക്കാനും ചരക്ക് ഇറക്കാനുമുള്ള നിരക്ക് കൊളംബോ തുറമുഖത്തേക്കാള്‍ കുറച്ച് അദാനി ഗ്രൂപ്പ്. ഇതോടെ ശ്രീലങ്കയിലെ കൊളംബോ തുറമുഖം വിട്ട് കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് എത്തുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിച്ചു. ജൂലായ് 11 മുതലാണ് വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ ആരംഭിച്ചത്. അപ്പോള്‍ മുതല്‍ തന്നെ വരുമാനവും ലഭിച്ച് തുടങ്ങിയിരുന്നു.
നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 80 ശതമാനത്തിന് അടുത്തും ഇറക്കുമതി ചെയ്യുന്നത് കൊളംബോയിലാണ്. പിന്നീട് ചെറിയ കപ്പലുകളില്‍ അത് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് കൊണ്ടുവരും. ജിആര്‍ടി 30,000 ടണ്‍ ഭാരമുള്ള ഒരു മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തിയാല്‍ 24 മണിക്കൂറിലേക്ക് നല്‍കേണ്ടത് 8,37,410 രൂപ മാത്രമാണ്. ഇത് കൊളംബോയില്‍ 17,58,561 രൂപയാണ്. ഏകദേശം പകുതി നിരക്ക് മാത്രം മതി വിഴിഞ്ഞത്ത് എന്ന് സാരം.
പോര്‍ട്ടിന്റെ ഫീസ്, കപ്പല്‍ തുറമുഖത്തേക്ക് എത്തിക്കാനും പുറത്ത് കടക്കാനുമുള്ള പൈലറ്റേജ് ഫീസ് ബെര്‍ത്തില്‍ കപ്പല്‍ തങ്ങുന്നതിനുള്ള വാടക എന്നീ മൂന്ന് ഘടകങ്ങളെ ബന്ധപ്പെടുത്തിയാണ് ഫീസ് നിശ്ചയിക്കുന്നത്. വിഴിഞ്ഞം എന്തുകൊണ്ടും മത്സരാധിഷ്ഠിതമാണെന്ന് കേരള സ്ട്രീമര്‍ ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എസ് ബിനു പറഞ്ഞു. കൊളംബോ തുറമുഖത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചത് എന്നതും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊളംബോ തുറമുഖത്ത് നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ മൂന്നുദിവസംവരെ കാത്തിരിക്കണം. ട്രാന്‍സ്ഷിപ്മെന്റിന് ഇരുപത് ദിവസം കെട്ടിക്കിടക്കണം. ഇതിനേക്കാള്‍ സൗകര്യങ്ങളുള്ളത് വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്. പ്രഖ്യാപിച്ചിട്ടുള്ള നിരക്കും ഷിപ്പിംഗ് കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |