''നിത്യവും പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സമയം കിട്ടാറുണ്ടോ? ഇല്ല, അല്ലേ? നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ തിരക്കുകൾ കണക്കാക്കുമ്പോൾ ഇത്തരമൊരു ചോദ്യം അപ്രസക്തമെന്നല്ലേ നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്? അത്തരം തിരക്കുകൾക്കിടയിൽ പ്രാർത്ഥനയ്ക്കായി കൃത്യമായൊരു സമയമോ സന്ദർഭമോ ഒത്തുകിട്ടാറില്ല എന്ന് ന്യായീകരിച്ചൊരു മറുപടി നിങ്ങൾക്ക് പറയാവുന്നതേയുള്ളു! ഏതായാലും പ്രാർത്ഥനയെപ്പറ്റിയാണ് ഇന്ന് സംവദിക്കാൻ ആഗ്രഹിക്കുന്നതെങ്കിലും എത്രപേർ വിശ്വാസികളാണെന്നോ, വിശ്വാസികളല്ലന്നോ, എന്നൊന്നും ഞാൻ അന്വേഷിക്കുന്നില്ല! എന്നാൽ, ദൈവവിശ്വാസമില്ലയെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, പ്രാർത്ഥനയെന്നു പറയുന്നത് വിശ്വാസിയുടേതു മാത്രമായൊരു കർമ്മമാണ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അപ്പോൾ, ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രസക്തിയെന്തന്നല്ലേ?"" സദസ്യരിൽ ഓരോരുത്തരേയും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്.
സ്ഫോടനത്തെക്കാൾ ഭയാനകമായ വിവാദങ്ങൾക്ക് സാദ്ധ്യതയുള്ള വിഷയമായതിനാൽ, വളരെ ഗൗരവത്തോടെ സദസ്യർ പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾക്ക് കാതോർക്കുന്ന ഭാവത്തിലായിരുന്നു. എന്നാൽ, വിഷയം അവതരിപ്പിച്ചപ്പോൾ അൽപ്പം ഗൗരവം കൂടിപോയോ എന്നൊരു ശങ്കയും സദസ്യരിൽ ചിലർക്കുണ്ടായിരുന്നു. സദസ്യരുടെ സമ്മിശ്ര ചിന്തകൾ ഉൾക്കൊണ്ടാണ് താൻ സംസാരിക്കുന്നത് എന്ന ആത്മവിശ്വാസത്തോടെ പ്രഭാഷകൻ തുടർന്നു: ''യഥാർത്ഥത്തിൽ' പ്രാർത്ഥന"യെന്താണ്? അത് നമ്മുടെ ശ്വാസം പോലുള്ളൊരു പ്രതിഭാസമാണ് എന്നറിയുന്നതാണ് തിരിച്ചറിവ്! ശ്വാസം നിലച്ചാൽ നമ്മളുണ്ടോ? അതുപോലെ തന്നെയാണ് പ്രാർത്ഥനയെന്നുമറിയുക! നമ്മുടെ ഓരോ നിമിഷാർദ്ധവും പ്രാർത്ഥനയാണെന്നറിയുക! അത്, യുക്തിവാദിയായിരുന്ന സഹോദരൻ അയ്യപ്പന്റെ പ്രവർത്തികളിൽ ദൈവമുണ്ട് എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞു തന്നപ്പോഴാണ് നമുക്കു മനസിലായത്! അതായത്, സത്യമുള്ള പ്രവൃത്തി പ്രാർത്ഥനയെന്നറിയണം! അതിൽ പരബ്രഹ്മസ്ഫുരണങ്ങൾ വിളയാടുന്നു!
തുമ്പ ബഹിരാകാശകേന്ദ്രം സ്ഥാപിക്കുന്നതിനായി വിശ്വാസികളെ പറഞ്ഞു മനസിലാക്കി ദേവാലയം ഒഴിപ്പിച്ചെടുത്ത ബിഷപ്പ് പെരേരയുടെയും, വിക്രംസാരഭായിയുടെയും, എ.പി. ജെ. അബ്ദുൾ കലാമിന്റെയും പ്രവർത്തികളിൽ പ്രാർത്ഥനയുണ്ടായിരുന്നു! റോഡ് വികസനത്തിന് സെമിത്തേരിയുടെ ഭാഗം വിട്ടുകൊടുത്ത പാറ്റൂർ പള്ളിയധികാരികളുടെ പ്രവൃത്തിയിലും, വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടൽ കെടുതികളിലും രക്ഷാപ്രവർത്തനം ചെയ്തവരുടെ പ്രവർത്തികളിലും പ്രാർത്ഥനയുണ്ടായിരുന്നു! ഇവരാരും മുറിയടച്ച് പ്രാർത്ഥിച്ചവരല്ലയെന്നും ഓർക്കണം! എന്തിനേറെ, ഇവർക്കു മുന്നിൽ നടന്നവരും, ഇവരെ പിൻതുടർന്നവരും ഭക്തന്മാരെന്നൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല! അപ്പോഴെന്താണ് നമ്മുടെ ഒരു കലാലയത്തിലെ കുറച്ചു കുട്ടികൾ പ്രാർത്ഥനക്കായി പ്രത്യേകം മുറി ആവശ്യപ്പെട്ടത്? സത്യമുള്ള പ്രാർത്ഥനയ്ക്ക് യഥാർത്ഥത്തിൽ പ്രത്യേകം മുറി ആവശ്യമുണ്ടോ? ഏതായാലും വിവേകമുള്ളവർ ഇടപെട്ട് പ്രശ്നം തീർന്നു. അപ്പോൾ, സത്യത്തിൽ എന്താണ് പ്രാർത്ഥന? 'പ്രാ"എന്നാൽ, ശ്വസിക്കുക ചലിക്കുക എന്നാണ് അർത്ഥം. അപ്പോൾ, പ്രാർത്ഥനയെന്ന പ്രതിഭാസത്തിൽ നമ്മുടെ പ്രാണനുവേണ്ടിയാണ് അർത്ഥിക്കുന്നത്! അത് നന്മയുള്ള പ്രവൃത്തികളിലും, ചിന്തകളിലും പരബ്രഹ്മ ഫുരണമായി തെളിയും! പ്രാണൻ വെടിഞ്ഞാൽ ജഡമല്ലേ! അപ്പോൾ, പ്രാർത്ഥനയില്ലാതെ പ്രാണന് നിലയുണ്ടാകുമോ? അതിൽ സത്യമുണ്ടെങ്കിൽ, അവിടെ വിശ്വാസിയും, യുക്തിവാദിയും വ്യത്യസ്തരല്ലയെന്നും നമ്മൾ മനസിലാക്കും! ഇനി, നിങ്ങൾ ശ്വാസം പിടിച്ചിരിക്കേണ്ട ആവശ്യമില്ല! അല്ലെങ്കിൽ സ്വന്തം പ്രാണനുവേണ്ടി ഓരോ നിമിഷാർദ്ധത്തിലും പ്രാർത്ഥനപോലുള്ള ചിന്തകളാലും, പ്രവൃത്തികളാലും പ്രകാശം പരത്താതിരിക്കേണ്ട കാര്യങ്ങളുമില്ല!""പ്രഭാഷകന്റെ വാക്കുകൾ പരത്തിയ പ്രകാശകിരണങ്ങൾ സദസ്യരെ മറ്റൊരു ലോകത്തിലേക്കായിരുന്നു കൂട്ടിക്കൊണ്ടുപോയത്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |