പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേയ്ക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52) ആണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം. ഉബൈദുള്ള സുഹൃത്തും അയൽവാസിയുമായ അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാൻ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയിൽപ്പെട്ട് ഉബൈദുള്ള മരണപ്പെടുകയായിരുന്നു.
വീടിന്റെ മതിൽ തകർത്താണ് പിക്കപ്പ് വാൻ വീടിന് മുന്നിലേയ്ക്ക് ഇടിച്ചുകയറിയത്. അപകട സമയം വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നു. പിക്കപ്പ് വാൻ വരുന്നതുകണ്ട് രണ്ടുപേർ ഓടിമാറി. എന്നാൽ ഉബൈദുള്ളയ്ക്ക് ഓടിമാറാൻ സാധിച്ചില്ല. വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് ആദ്യം വാൻ ഇടിച്ചത്. ശേഷം കാർ മുന്നോട്ട് നീങ്ങി ഭിത്തിയിൽ ഇടിച്ചു. ഇതിനിടെ ഉബൈദുള്ള ഭിത്തിക്കും കാറിനും ഇടയിൽപ്പെട്ടുപോവുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലേയ്ക്ക് ഇടിച്ചുകയറുന്നതിന് മുൻപ് പിക്കപ്പ് വാൻ ഒരു ബൈക്കിലും ഇടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |