മേപ്പാടി: ''ഓർമ്മവച്ച കാലം മുതലേ വെള്ളം കയറുന്നിടമാണ് ഞങ്ങൾ താമസിക്കുന്ന ചൂരൽമല നീലകാപ്പ്. എല്ലാവർഷവും ആഴ്ചകളോളം ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയാണ് ഞങ്ങളുടേത്. ഈ ദുരന്തം കൊണ്ടെങ്കിലും ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടാകണം.'' മേപ്പാടി ഗവ. എൽ.പി സ്‌കൂളിലെ ക്യാമ്പിൽ നിന്ന് ഗണേഷ് കുമാറും അമ്മ ജോനിമണിയും പറയുന്നു. ചൂരൽമലയിലെ താഴ്ന്ന പ്രദേശമായതിനാൽ വീട്ടിലേക്ക് പെട്ടെന്ന് വെള്ളം കയറും. മഴ തുടങ്ങുമ്പോഴേ ഞങ്ങൾ കരുതിയിരിക്കാറുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഈ ക്യാമ്പിൽ തന്നെയായിരുന്നു കഴിഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ചയും ശക്തമായ മഴയായിരുന്നു. പിറ്റേ ദിവസം ക്യാമ്പിലേക്ക് മാറാൻ തയ്യാറായി നിൽക്കുകയായിരുന്നു കുടുംബം. രാത്രിയോടെ സ്ഥിതിഗതികൾ മാറി. അദ്യത്തെ ഉരുൾ പൊട്ടലിൽ, മലവെള്ളം ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി. വീട്ടിലുണ്ടായിരുന്ന ഗണേഷും ഭാര്യ മധുമതിയും അഞ്ചു മക്കളേയും അമ്മ ജോനി മണിയേയും കൊണ്ട് ഉയർന്ന ഭാഗത്തേക്ക് മാറുകയായിരുന്നു. രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഇവരുടെ വീട്ടിനോട് ചേർന്ന ഭാഗം ഇടിഞ്ഞുപോയി. വലിയ നാശം സംഭവിച്ച ചൂരൽ മലയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നാണ് ഇവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |