കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ഉച്ചയ്ക്ക് 12:30നാണ് കോഴിക്കോട് കണ്ണാടിക്കലിലെ മൂലാടിക്കുഴിയിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തണമെന്നും തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകി. അർജുനെ കണ്ടെത്തുന്നതിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരങ്ങളായ അഞ്ജു, അഭിജിത്ത്, അഭിരാമി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. തെരച്ചിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. സംസ്ഥാന സർക്കാരിന്റെ എല്ലാ സഹകരണവും കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ കുടുംബം ഒപ്പം നിന്നതിലുള്ള നന്ദി മുഖ്യമന്ത്രിയെ അറിയിച്ചു. അർജുന്റെ മകൻ അയാനെ വാത്സല്യപൂർവം ലാളിച്ച മുഖ്യമന്ത്രി പതിനഞ്ച് മിനിട്ടോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.
സന്ദർശനം ആശ്വാസമേകി: കുടുംബം
മുഖ്യമന്ത്രിയുടെ സന്ദർശനം തങ്ങൾക്ക് ആശ്വാസമേകിയെന്ന് അർജുന്റെ കുടുംബം. ഞങ്ങളെപ്പോലെ ഒരുപാടുപേർ ഇപ്പോൾ കേരളത്തിൽ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്നപോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വസിപ്പിച്ചു- സഹോദരി അഞ്ജു പറഞ്ഞു. ഷിരൂരിൽ തെരച്ചിൽ നടക്കുന്നില്ലെന്നും തെരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ പൊലീസ് തിരിച്ചയച്ചുവെന്നും കുടുംബം ആരോപിച്ചു.
8 മുതൽ 12 വരെ സെക്കൻഡറിയാക്കണം: ഖാദർ കമ്മിറ്റി
തിരുവനന്തപുരം: എട്ടു മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്ന് ഖാദർ കമ്മിറ്റി. അദ്ധ്യാപകരുടെ തസ്തിക,സേവനവേതന വ്യവസ്ഥകളെ ബാധിക്കുമെന്നതിനാലും എട്ടാം ക്ലാസിനെ ഹൈസ്കൂളിൽ നിന്നും വേർപെടുത്തുമ്പോഴുള്ള പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുത്തുമാണിത്. ഒമ്പതു മുതൽ 12 വരെ ഒരു യൂണിറ്റായി കണക്കാക്കി സെക്കൻഡറിയാക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ ശുപാർശ. നിർദ്ദേശം പരിഗണിച്ചാൽ ഹൈസ്കൂളും ഹയർ സെക്കൻഡറിയും ലയിപ്പിച്ച് സെക്കൻഡറിയാക്കുമ്പോൾ കേരളം ദേശീയഘടന നടപ്പാക്കാനിടയില്ല. കേന്ദ്രപദ്ധതികളും മറ്റും നടപ്പാക്കുമ്പോൾ ഒമ്പതു മുതൽ 12 വരെ ഒരു യൂണിറ്റായി പരിഗണിക്കും. അദ്ധ്യാപകനിയമനത്തിൽ വ്യക്തതയായിട്ടില്ല.
സെക്കൻഡറിയിലെ അദ്ധ്യാപകർക്കുള്ള യോഗ്യത ബിരുദാനന്തര ബിരുദമായിരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾക്കാവും ഈ വ്യവസ്ഥ നിർബന്ധമാക്കുക. ഇപ്പോഴുള്ള അദ്ധ്യാപകരെ യോഗ്യതയനുസരിച്ച് പുനർവിന്യസിക്കാനുള്ള സാദ്ധ്യതകൾ സർക്കാർ തേടും. പ്രീപ്രൈമറിയിലും പ്രൈമറിയിലുമൊക്കെ അദ്ധ്യാപക യോഗ്യത ഡിപ്ലോമ മതിയെന്ന വ്യവസ്ഥ ഒഴിവാക്കാനും മിനിമം യോഗ്യത ബിരുദമാക്കി നിശ്ചയിക്കാനും കമ്മിറ്റി നിർദ്ദേശിച്ചു.
ആദ്യം മാറേണ്ടത്
അദ്ധ്യാപകർ :ഖാദർ
സ്വന്തം ലേഖിക
തിരുവനന്തപുരം : അദ്ധ്യാപകർ മാറാത്തതാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരാൻ തടസമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അദ്ധ്യക്ഷൻ പ്രൊഫ.എം.എ.ഖാദർ. സിലബസ് മാത്രമാണ് മാറുന്നത്. അദ്ധ്യാപനരീതി മാറുന്നില്ല. സബ്ജക്ട് പഠിപ്പിച്ച് പോവുകയാണ്. കുട്ടി പഠിച്ചോയെന്ന് ആരും നോക്കുന്നില്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
സ്കൂളുകൾ എങ്ങനെ മാറണമെന്ന് മാത്രമാണ് നാമിതു വരെ ചിന്തിച്ചത്. ആദ്യം പരിഹരിക്കേണ്ടത് അദ്ധ്യാപനത്തിലെ പ്രശ്നമാണ്. അദ്ധ്യാപകരാവാൻ അഭിരുചി മാത്രമല്ല കഴിവും വേണം.പല രാജ്യങ്ങളിലും ഉയർന്ന യോഗ്യതയുള്ളയാൾക്കേ പ്രീ പ്രൈമറി അദ്ധ്യാപകരാകാനാകൂ . ഇവിടത്തെ ധാരണ ചെറിയ ക്ലാസുകൾക്ക് ചെറിയ യോഗ്യത മതിയെന്നാണ്.വിദ്യാഭ്യാസം കുട്ടികൾക്കു വേണ്ടിയുള്ളതാണ്. ഓരോ കുട്ടിയുടെയും പഠനവും വികാസവും അദ്ധ്യാപകർ ലക്ഷ്യമാക്കണം. എസ്.എസ്.എൽ.സിക്കു മിനിമം മാർക്ക് നിശ്ചയിച്ചാൽ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടില്ല.ഓരോ കുട്ടിയും നന്നായി പഠിച്ചാൽ മൂല്യനിർണയം പ്രശ്നമാവില്ല.വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങൾക്കും കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണെന്ന് ഖാദർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |