ആറ്റിങ്ങൽ: ജന്മദിനമായ ഇന്നലെ കൂട്ടുകാരോട് ഒത്തുകൂടാമെന്നും വീട്ടുകാരോട് വൈകിട്ട് ഒരുമിച്ച് പുറത്തുപോകാമെന്നും പറഞ്ഞാണ് വിനീത് വീട്ടിൽ നിന്നിറങ്ങിയത്. ഇന്നലെ ചേതനയറ്റ ശരീരമായി വീട്ടിലെത്തിയപ്പോൾ അമ്മ ഒ.എസ്.അംബിക എം.എൽ.എയും ഭാര്യ പ്രിയയും സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. അച്ഛനെ അവസാനമായി കാണാൻ രണ്ടരവയസുകാരി മകൾ അലൈഡയെ കൊണ്ടുവന്നപ്പോൾ ചുറ്റും നിന്നവർ വിങ്ങിപ്പൊട്ടി. പ്രിയ സഖാവിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ അന്ത്യാഭിവാദ്യം നൽകിയ സുഹൃത്തുക്കളുടെ ശബ്ദമിടറി.
വിനീതിന്റെ 34-ാം ജന്മദിനമായിരുന്നു ഇന്നലെ. മരണവിവരമറിയാതെ സുഹൃത്തുക്കൾ ഫേസ്ബുക്ക് ടൈംലൈനിൽ ആശംസകളുമായെത്തി. മണിക്കൂറുകൾക്കുള്ളിൽ വേദനയോടെ അവർ പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ചന്തുവാണ് വിനീത്.
വീട്ടുമുറ്റത്ത് അന്ത്യവിശ്രമം
കോരാണിയിലെ വീട്ടുറ്റത്താണ് വിനീതിന് ചിതയൊരുക്കിയത്. മെഡിക്കൽ കോളേജിലും വീട്ടിലും വിനീതിനെ അവസാനമായി കാണാൻ നിരവധി പേരെത്തി. മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്. രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, അടൂർ പ്രകാശ് എം.പി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, എം.മുകേഷ്, വി.ശശി, ഡി.കെ.മുരളി, സി.കെ.ഹരീന്ദ്രൻ, പി.എസ്.സുപാൽ, പ്രതിഭ ഹരി, ജി.സ്റ്റീഫൻ, മുൻ എം.എൽ.എ ബി.സത്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷ്, ആർ.രാമു, ബി.പി.മുരളി, ആർ.സുഭാഷ്, എസ്.ഷാജഹാൻ, എം.പ്രദീപ്, സി.ജെ.രാജേഷ് കുമാർ, പള്ളിയറ ശശി, അഴൂർ അനിൽ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, നഗരൂർ ഇബ്രാഹിംകുട്ടി, കിളിമാനൂർ രാജീവ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |