കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ ഏഴാം നാളും തെരച്ചിൽ പുരോഗമിക്കുകയാണ്. 12 സോണുകളായി 50 പേർ വീതമുള്ള സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്. ചാലിയാറിലും തീരത്തും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ ചാലിയാറിന് സമീപം അഗ്നിശമന സേനയെ സഹായിച്ച ഒരു നായയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ചാലിയാറിന്റെ തീരത്ത് മണ്ണിൽ പുതഞ്ഞ് കിടന്ന ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത് ഒരു വളർത്തുനായ. അടുത്തുള്ള കോളനിയിലെ നായയാണിതെന്നാണ് വിവരം. ഈ നായ ചാലിയാർ പുഴ നീന്തി കടന്ന് അഗ്നിശമന സേനയുടെ കൂടെ ഏകദേശം 10 കിലോമീറ്ററോളം സഞ്ചരിച്ചു.
'രാവിലെ മുതൽ ഈ നായ ഞങ്ങളുടെ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്ക് വിശ്രമിക്കാൻ ഇരുന്നപ്പോൾ കെെയിലുള്ള ബിസ്ക്കറ്റ് നൽകി. പിന്നെ വീണ്ടും ആ നായ ഞങ്ങളുടെ കൂടെ കൂടി. പുഴയുടെ ഒരു ഭാഗത്ത് എത്തിയപ്പോൾ നായ മണ്ണിൽ മാന്താൻ തുടങ്ങി. ആദ്യം ഞങ്ങൾ കാര്യമാക്കിയില്ല. വീണ്ടും നായ മണ്ണം പിടിക്കുന്നത് കണ്ട് ഞങ്ങളുടെ ടീം പോയി പരിശോധിച്ചപ്പോൾ ഒരു കെെയാണ് ആദ്യം കണ്ടത്. പിന്നെ തലയും കണ്ടു. ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു. മണ്ണിൽ ആഴത്തിലാണ് അത് കിടന്നിരുന്നത്. തുടർന്നുള്ള തെരച്ചിലിലും നായ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു',- അഗ്നിശമന അംഗം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |