സെക്കൻഡിന്റെ 5000ത്തിൽ ഒരംശത്തിന് കിഷാൻ തോംപ്സണെ മറികടന്ന്
പാരീസ് ഒളിമ്പിക്സിലെ വേഗമേറിയ താരമായി നോഹ ലൈൽസ്
98 മീറ്റർ വരെ മുന്നിൽ നിന്നത് കിഷാൻ തോംപ്സൺ
പാരീസ്: ആധുനിക ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പുരുഷൻമാരുടെ 100 മീറ്റർ പോരാട്ടത്തിനായിരുന്നു ഞായറാഴ്ച രാത്രി പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിലെ പർപ്പിൾ ട്രാക്ക് വേദിയായത്. ഫൈനലിൽ ട്രാക്കിലിറങ്ങിയവരെല്ലാം മിന്നൽപ്പിണറായപ്പോൾ സ്വർണമാർക്കെന്നറിയാൻ ഫോട്ടോഫിനിഷ് വേണ്ടി വന്നു. യു.എസിന്റ നോഹ ലൈൽസും ജമൈക്കയുടെ കിഷാനെ തോംപ്‌സണും ഫിനിഷ് ലൈൻ കടന്നത് 9.79 സെക്കൻഡിൽ. ഓട്ടം കഴിഞ്ഞിട്ടും സ്വർണമാർക്കെന്നറിയാൻ കാത്തിരിപ്പിന്റെ ആകാംഷയുടെയും നിമിഷങ്ങൾ. ഒടുവിൽ പ്രഖ്യാപനം വന്നു.- പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം നോഹ തന്നെ. 98 മീറ്റർ വരെ മുന്നിലുണ്ടായിരുന്ന തോംപ്സണ് സ്വർണം നഷ്ടമായത് സെക്കൻഡിലെ 5000ത്തിൽ ഒരംശത്തിന്.മില്ലി സെക്കൻഡുകൾ പരിഗണിക്കുമ്പോൾ നോഹയുടെ ഫിനിഷ് 9.784 സെക്കൻഡിലും തോംപ്സണിന്റെത് 9.789 സെക്കൻഡിലും. തോംപ്സണോളം വലിയ നിർഭാഗ്യവാൻ ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ വേറെ കാണില്ല. സെമിയിലെ ഏറ്റവും മികച്ച സമയം കുറിച്ചത് തോംപ്സണായിരുന്നു (9.80 സെക്കഡ്). അവസാന കാൽവയ്പിൽ മാത്രമാണ് നോഹ മുന്നിലായത്. അതിന് മുമ്പ് തുടക്കം മുതൽ ഒരിക്കൽപ്പോലും നോഹയ്ക്ക് ലീഡ് നേടാനായിരുന്നില്ല. നോഹ ഏഴാം ട്രാക്കിലും തോംപ്സൺ നാലാം ട്രാക്കിലുമാണ് ഓടിയത്.
9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത യു.എസിന്റെ ഫ്രെഡ് കെർലിക്കാണ് വെങ്കലം. ടോക്യോയിൽ വെള്ളി നേടിയ താരമാണ് കെർലി. ടോക്യോയിൽ സ്വർണം നേടിയ ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സ് 9.85 സെക്കൻഡിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫൈനലിൽ ഓടിയ എട്ടുപേരും 9 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്തു എന്നതും ശ്രദ്ധേയമായി.അതേസമയം ടോക്യോയിലെ വെങ്കലമെഡൽ ജേതാവ് കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് ഫൈനലിലെത്താനായില്ല.
ഫൈനലിലെ വിശേഷങ്ങൾ
9.79 സെക്കൻഡ്- സ്വർണം നേടിയ 27കാരൻ നോഹയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് പാരീസിൽ കുറിച്ചത്.
9.81 സെക്കൻഡ്- വെങ്കലം നേടിയ ഫ്രെഡിന്റെ സീസണിലെ മികച്ച പ്രകടനമായിരുന്നു ഫൈനലിലേത്.
9.82 സെക്കൻഡ്- നാലാമതെത്തിയ ദക്ഷിണാഫ്രിക്കയുടെ സിംബിനെ അകാനി ഫിനിഷ് ചെയ്തത് ദേശീയ റെക്കാഡോടെ.
9.85 സെക്കൻഡ്- അഞ്ചാമതെത്തിയ കഴിഞ്ഞ തവണത്തെ സ്വർണ നേട്ടക്കാരൻ മാഴ്സൽ ജേക്കബ്സ് കുറിച്ചതും സീസണിലെ തന്റെ മികച്ച സമയം.
9.85 സെക്കൻഡ്- ആറാമത് ഫിനിഷ് ലൈൻതൊട്ട ബോട്‌സ്വാനയയുടെ തെബോഗൊ ലെറ്റ്‌സിലെയും ദേശീയ റെക്കാഡ് കുറിച്ചു.
ഈ നൂറ്റാണ്ടിൽ ഒളിമ്പിക്സ് പുരുഷൻമാരുടെ 100 മീറ്ററിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയമാണ് നോഹ പാരീസിൽ കുറിച്ചത്. ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടാണ് ആദ്യ രണ്ട് മികച്ച സമയങ്ങളും കുറിച്ചിരിക്കുന്നത്. 2008ൽ ബീജിംഗിൽ 9.69 സെക്കൻഡിൽ റെക്കാഡോടെ ഫിനിഷ് ചെയ്ത ബോൾട്ട് 2012ൽ ലണ്ടനിൽ 9.63 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി സ്വന്തം റെക്കാഡ് തിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |