ന്യൂഡൽഹി: ബംഗ്ലാദേശിലെ സ്ഥിതിഗതികളും ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ വിവരങ്ങളും പങ്കുവച്ച കേന്ദ്രസർക്കാരിന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ. ബംഗ്ളാദേശിലെ സംഭവങ്ങൾക്ക് പിന്നിൽ വിദേശകരങ്ങളുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് അക്കാര്യം പരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മറുപടി നൽകിയത്.
ഹസീന ഇന്ത്യയിലുണ്ടെന്ന സ്ഥിരീകരണം വന്നത് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ അറിയിച്ചപ്പോഴാണ്. ഹസീനയ്‌ക്ക് എല്ലാ സഹായവും ഉറപ്പുനൽകിയെന്നും ഭാവി തീരുമാനിക്കും വരെ ഇന്ത്യയിൽ തുടരാൻ അനുവദിച്ചെന്നും ജയശങ്കർ അറിയിച്ചു.
ഇന്ത്യൻ പൗരൻമാരുടെ അടക്കം സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലദേശ് സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബംഗ്ളാദേശിലെ സ്ഥിതി സംബന്ധിച്ച് ഇന്ത്യയുടെ ദീർഘകാല, ഹ്രസ്വകാല തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. സാഹചര്യങ്ങൾ അനുദിനം വികസിക്കുകയാണെന്നും അവ വിശകലനം ചെയ്യുകയാണെന്നും സർക്കാർ അറിയിച്ചു. ദേശീയ താൽപ്പര്യം മുൻനിർത്തി സ്വീകരിച്ച നടപടികൾക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു.
ബംഗ്ളാദേശ് പ്രതിസന്ധി ഇന്ത്യൻ അതിർത്തിയിൽ ചെലുത്തുന്ന സമ്മർദ്ദവും രാഷ്‌ട്രീയ പ്രാധാന്യവും തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ ഇന്നലെ രാവിലെ 10 മണിക്ക് സർവകക്ഷി യോഗം വിളിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, രാജീവ് രഞ്ജൻ സിംഗ് തുടങ്ങിയവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ, കെ.സി.വേണുഗോപാൽ എംപി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |