കൊച്ചി: സിനിമാ താരങ്ങളടക്കം പ്രമുഖരുടെ മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജി.എസ്.ടി പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വീടുകളിലും സ്ഥാപനങ്ങളിലും 'ഓപ്പറേഷൻ ഗുവാപ്പോ" എന്ന പേരിൽ സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമാണ് പരിശോധന നടത്തിയത്. ജി.എസ്.ടി രജിസ്‌ട്രേഷനില്ലാതെയും വരുമാനം കുറച്ചുകാണിച്ചുമായിരുന്നു നികുതിവെട്ടിപ്പ്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തിൽ വിവരശേഖരണം നടത്തിയ ശേഷമായിരുന്നു പരിശോധന. ഏറ്റവുമധികം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുള്ള കൊച്ചിയിൽ 23 സ്ഥാപനങ്ങൾ പരിശോധിച്ചു. മിക്കതിനും ജി.എസ്.ടി രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല. സംസ്ഥാനത്താകെ 35 കേന്ദ്രങ്ങളിൽ പരിശോധന നടന്നതായാണ് വിവരം. മേക്കപ്പ് ആർട്ടിസ്റ്റുകളുടെ മൊഴിയെടുപ്പ് രാത്രിവരെ നീണ്ടു.
എത്ര രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്ന് നടപടികൾ പൂർത്തിയായ ശേഷമേ വ്യക്തമാകൂ. പ്രാഥമിക വിലയിരുത്തലിൽ കോടികളുടെ തട്ടിപ്പ് വ്യക്തമാണെന്ന് ജി.എസ്.ടി ഇന്റലിജൻസിലെ ഉന്നത ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.
വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ നികുതിയടയ്ക്കാൻ പലരും സന്നദ്ധത അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ നടപടി ഉണ്ടാകൂ. ഗഡുക്കളായി തുക അടയ്ക്കാനുള്ള അവസരം മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ലഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |