ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡുകളിലും കൗൺസിലുകളിലും മുസ്ലീം സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും പ്രാതിനിദ്ധ്യം നൽകുന്നതുൾപ്പെടെ വിവാദ വ്യവസ്ഥകളുള്ള വഖഫ് ബോർഡ് ദേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സൂക്ഷ്‌മ വിലയിരുത്തിലിനായി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചത്.
സമുദായത്തിൽ തുല്യ നീതി ലക്ഷ്യം
വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നും വനിതകളെയും മുസ്ളീം പിന്നാക്കക്കാരെയും ഉൾപ്പെടുത്താനാണെന്നും റിജിജു വിശദീകരിച്ചു. എല്ലാ മുസ്ലീങ്ങൾക്കും നീതി ഉറപ്പാക്കും. സച്ചാർ കമ്മിറ്റി ശുപാർശകൾക്ക് അനുസൃതം. വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന് ചില മുസ്ലീം എംപിമാർ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.
1995-ലെ വഖഫ് നിയമം ലക്ഷ്യം നിറവേറ്റുന്നില്ല. ചിലർ വഖഫ് ബോർഡ് പിടിച്ചെടുത്തു. ഓഡിറ്റും കണക്കും ശരിയല്ല.
വരുമാനം കുറഞ്ഞു. പൂർവ്വികർ നിസ്‌കരിച്ച ഭൂമി പോലും വഖഫ് സ്വത്താക്കി. മുസ്ളീംങ്ങളിലെ ന്യൂനപക്ഷമായ ബൊഹ്‌റ, അഹമ്മദിയ, അഗാഖാനി വിഭാഗങ്ങൾക്കും പ്രാതിനിധ്യം വേണം. വഖഫ് ഭൂമി കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികളുണ്ട്. തമിഴ്‌നാട്ടിൽ 1500 വർഷം പഴക്കമുള്ള ഗ്രാമവും ഗുജറാത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസും വഖഫ് സ്വത്താക്കി. കർണാടകയിൽ 29,000 ഏക്കർ വഖഫ് ഭൂമി വാണിജ്യാവശ്യത്തിന് മാറ്റി. വഖഫ് ബോർഡ് ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്യപ്പെടാത്തത് നീതിനിഷേധം. ഇനി 90 ദിവസത്തിനുള്ളിൽ അപ്പീൽ നൽകി ആറ് മാസത്തിനുള്ളിൽ തീർപ്പാക്കാം. കെട്ടിക്കിടക്കുന്ന കേസുകൾക്ക് പരിഹാരമാകും.
അയോദ്ധ്യയിലും ഗുരുവായൂരിലും
അഹിന്ദുക്കളെ നിയമിക്കുമോ: കെ.സി
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും ഹരിയാന,മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. വിശ്വാസികളുടെ സംഭാവനയാണ് വഖഫ് . മത, ജീവകാരുണ്യ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനും എല്ലാ വിഭാഗങ്ങൾക്കും അവകാശമുണ്ട്.
അയോദ്ധ്യ ക്ഷേത്ര ബോർഡിലും ഗുരുവായൂർ ദേവസ്വം ബോർഡിലും അഹിന്ദുവിനെ ഉൾപ്പെടുത്തുമോ? ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഇന്ന് മുസ്ലീങ്ങൾക്കെതിരെയാണെങ്കിൽ നാളെ ക്രിസ്‌ത്യൻ, ജൈന വിഭാഗങ്ങളെയും ലക്ഷ്യമിടും. തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിച്ചിട്ടും തിരുത്തുന്നില്ല.
എൻ.കെ. പ്രേമചന്ദ്രൻ
ബിൽ പാസ്സാക്കാൻ പാർലമെന്റിന് അധികാരമില്ല. മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതും മതേതരത്വത്തിന് വിരുദ്ധവുമാണിത്. ബോർഡുകളിൽ അമുസ്ളീംങ്ങളെ ഉൾപ്പെടുത്തിയതും വഖഫിൽ സംഭാവന നൽകാൻ അഞ്ചു വർഷം മുസ്ലീം മതാനുഷ്ഠാനം നടത്തണമെന്നതും പരസ്പര വിരുദ്ധം.
ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളീം ലീഗ്), അഖിലേഷ് യാദവ്, മൊഹിബുള്ള നദ്‌വി (സമാജ്‌വാദി), കനിമൊഴി (ഡി.എം.കെ), സുപ്രിയാ സുലേ (എൻ.സി.പി), സുദീപ് ബന്ദ്യോപാധ്യായ (തൃണമൂൽ) തുടങ്ങിയവർ ബില്ലിനെ എതിർത്തു. സ്‌പീക്കറുടെ അധികാരങ്ങളെ ചൊല്ലി കേന്ദ്ര മന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ വാക്‌പോരും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |