കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് കുവൈറ്റ്. മുബാറക് അൽ കബീർ ബഹുമതി കുവൈറ്റ് അമീർ മോദിക്ക് സമ്മാനിച്ചു. ഒരു രാജ്യം അദ്ദേഹത്തിന് നൽകുന്ന ഇരുപതാമത്തെ അന്താരാഷ്ട്ര അവാർഡാണിത്. ബഹുമതി രാജ്യത്തിന് ലഭിച്ച സമ്മാനമാണെന്ന് മോദി പ്രതികരിച്ചു. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
കുവൈറ്റും ഇന്ത്യയും ഒരേ കടൽ പങ്കിടുന്നു. അതിലൂടെ സ്നേഹവും വ്യാപാരവും കൈമാറ്റം ചെയ്യുന്നുവെന്ന് മോദി സന്ദർശനത്തിനിടെ പറഞ്ഞു. കുവൈറ്റുമായി ഇന്ത്യയ്‌ക്കുള്ള നൂറ്റാണ്ടുകളുടെ വ്യാപാരബന്ധവും ആധുനിക കാലത്തെ പുനർനിർമ്മിതിയിലെ പങ്കാളിത്തവും നിർണായകമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാസി ഇന്ത്യക്കാർക്കായി ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച 'ഹാലോ മോദി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റിലേക്ക് വെറും നാലുമണിക്കൂർ യാത്രയേ ഉള്ളൂവെങ്കിലും ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശിച്ചത് 43 വർഷം മുമ്പാണെന്ന് മോദി പറഞ്ഞു. ഉത്സവ സീസൺ ആയതിനാൽ കുവൈറ്റി സുഹൃത്തുക്കൾക്കൊപ്പം പ്രവാസികൾ ഇന്ത്യ സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് കുവൈറ്റിൽ ഊഷ്‌മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ കുവൈറ്റ് പ്രതിരോധ, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചടങ്ങിൽ കഥകളി അടക്കം ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണവും മോദി വീക്ഷിച്ചു. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്‌ത അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |