തിരയൊതുങ്ങി, കടൽ ശാന്തമായിരുന്നു. യു.എസ് തുറമുഖം ലക്ഷ്യമിട്ട് സൗദിയിൽ നിന്നു പുറപ്പെട്ട എണ്ണക്കപ്പൽ സൂയസ് കനാൽ കടക്കാൻ ഊഴംകാത്ത് നങ്കൂരമിട്ടു കിടന്നു.
കപ്പലിന്റെ ഡെക്കിൽ നിന്ന് പാലക്കുന്നിൽ കുട്ടി കടലിന്റെ കണ്ണെത്താദൂരത്തേക്കു നോക്കി. ഊഴമെത്താൻ കാക്കുന്ന വേറെയും കപ്പലുകൾ അടുത്തും അകലത്തുമായുമുണ്ട്. മണിക്കൂറുകൾക്കു ശേഷം കപ്പൽ സൂയസ് കനാൽ കടന്നതിനു ശേഷമാണ് പോർട്ട് ഓഫീസിൽ നിന്ന് ഒരു സന്ദേശമെത്തിയത്: കേരള ഷിപ്പിംഗ് കോർപറേഷന്റെ കൈരളി എന്ന ചരക്കു കപ്പൽ കാണാതായിരിക്കുന്നു!
നാല്പത്തിയഞ്ചു വർഷം മുമ്പ് (1979) ആ സന്ദേശം കേട്ടപ്പോൾ നെഞ്ചിൽ കുടുങ്ങിയ നടുക്കവും ധർമ്മസങ്കടവും ഇപ്പോഴുമുണ്ട്, കാസർകോട്ട് പാലക്കുന്ന് ഭഗവതീ ക്ഷേത്രത്തിനടുത്ത് ചിറ്രേയി വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പാലക്കുന്നിൽ കുട്ടിയുടെ ഓർമ്മകളിൽ! കൈരളി കാണാതായെന്നു കരുതപ്പെടുന്ന പോയിന്റിൽ നിന്ന് 500 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു, കുട്ടി പെറ്റി ഓഫീസർ ആയി ജോലി ചെയ്തിരുന്ന 'സൗക്കോൺ" എന്ന യു.എസ് ചരക്കുകപ്പൽ ആ സമയം. 'സൗക്കോണി"ൽ മലയാളികളായി അഞ്ചു പേർ കൂടിയുണ്ടായിരുന്നു. അപ്പോഴേക്കും കപ്പൽ സൂയസ് പാത കടന്നിരുന്നതുകൊണ്ട് തിരികെപ്പോയി 'കൈരളി"ക്കായി തിരച്ചിൽ നടത്തുക അസാദ്ധ്യമായിരുന്നു. പക്ഷേ, നാലര പതിറ്റാണ്ടിനു ശേഷവും പാലക്കുന്നിൽ കുട്ടിയുടെ മനസിൽ ഒരു ചോദ്യം ബാക്കിയാണ്: കാണാതാകും മുമ്പ് 'കൈരളി"യിൽ നിന്ന് സഹായം തേടിയുള്ള ഒരു എസ്.ഒ.എസ് (സേവ് ഔവർ സോൾസ്) സന്ദേശം പോലും ആർക്കും കിട്ടാതിരുന്നതെന്ത്?
തിരയിൽ മറഞ്ഞ
കൈരളി
പാലക്കുന്നിൽ കുട്ടിക്കു മാത്രമല്ല, സമുദ്രയാനങ്ങളുടെ അപകടചരിത്രത്തിലെങ്ങും ഇന്നോളം അതിന് ഉത്തരമില്ല. കേരള ഷിപ്പിംഗ് കോർപറേഷന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ഒരേയൊരു കപ്പൽ. 1976-ൽ നോർവേയിൽ നിന്ന് അന്നത്തെ 5.81 കോടി രൂപയ്ക്കു വാങ്ങി, പുനർനാമകരണം ചെയ്തതായിരുന്നു കേരളത്തിന്റെയാകെ അഭിമാന യാനമായിരുന്ന 'എം.വി. കൈരളി." 1979 വരെ ലോകരാജ്യങ്ങളിലേക്ക് നിരന്തരം ചരക്കുകടത്ത് നടത്തിയ കപ്പലിന്റെ അവസാനയാത്ര ഗോവയിലെ മഡ്ഗാവ് തുറമുഖത്തു നിന്നായിരുന്നു- 1979 ജൂൺ 30ന്. 20,000 ടൺ ഇരുമ്പയിരുമായി ജർമ്മനിയിലെ റോസ്റ്റോക്കിലേക്കുള്ള ആ യാത്രയാണ് കടൽരഹസ്യങ്ങളിലെവിടെയോ കടങ്കഥയായി മറഞ്ഞത്. യാത്ര പുറപ്പെട്ടതിനു ശേഷം ജൂലായ് ഒന്നു മുതൽ മൂന്നു വരെ 'കൈരളി"യിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങൾ പോർട്ട് ഓഫീസിൽ ലഭിച്ചിരുന്നു.
മലയാളികളായ ക്യാപ്റ്റനും (കോട്ടയം സ്വദേശി മരിയദാസ് ജോസഫ്) ചീഫ് എൻജിനിയറും റേഡിയോ ഓഫീസുറും ഉൾപ്പെടെ 51 ജീവനക്കാരുണ്ടായിരുന്ന കപ്പലിന്റെ യാത്രാ ഷെഡ്യൂൾ അനുസരിച്ച് ജൂലായ് എട്ടിന് ജിബൂട്ടിയിൽ ഇന്ധനം നിറയ്ക്കാൻ എത്തേണ്ടതായിരുന്നു. അതുണ്ടായില്ല. അപ്പോഴാണ് 'കൈരളി"യുടെ ഷിപ്പിംഗ് ഏജന്റുമാരായിരുന്ന മിറ്ര്‌കോസ്, ആ വിവരം ഷിപ്പിംഗ് കോർപറേഷന്റെ കൊച്ചി ഓഫീസിൽ അറിയിച്ചത്. എല്ലാ തുറമുഖങ്ങളിലേക്കും അടിയന്തര സന്ദേശമെത്തി. നാവികസേനാ കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അറ്റ്ലാന്റിക്കിനും ഇന്ത്യൻ മഹാസമുദ്രത്തിനും മീതെ ദിവസങ്ങളോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. കപ്പൽച്ചേതങ്ങളിൽ പതിവുള്ളതു പോലെ കടൽവെള്ളത്തിനു മീതെ എണ്ണപ്പാടയോ, പൊങ്ങിക്കിടക്കുന്ന കപ്പൽസാമഗ്രികളോ ഒന്നും കണ്ടെത്താനായില്ല. ജൂലായ് മൂന്നിനും എട്ടിനും ഇടയിലെ ആ അഞ്ചു ദിവസങ്ങൾക്കിടയിലെങ്ങോ യാത്രാ കലണ്ടറിൽ നിന്ന് 'കൈരളി" അപ്രത്യക്ഷമായി!
കൊള്ളക്കാർ
റാഞ്ചിയതോ?
കൈരളി കാണാതായെന്നു കരുതപ്പെടുന്ന ഏദൻ കടലിടുക്കിലെ ജിബൂട്ടി സമുദ്രമേഖല സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ്. കപ്പലുകൾ അപകടത്തിൽപ്പെടുകയോ കടൽക്കൊള്ളക്കാരുടെ ആക്രമണം നേരിടുകയോ ഒക്കെ ചെയ്യുന്ന അവസരങ്ങളിൽ പുറപ്പെടുവിക്കുന്ന എസ്.ഒ.എസ് സന്ദേശമാണ് രക്ഷതേടലിന്റെ ആദ്യമാർഗം. സമീപമുള്ള കപ്പലുകളിലേക്കും പോർട്ട് അതോറിട്ടിക്കുമെല്ലാം ഈ സന്ദേശം ലഭിക്കും. ഏദൻ കടലിടുക്കിൽ ആ സമയത്തുണ്ടായിരുന്ന ഒരു കപ്പലിനു പോലും കൈരളിയിൽ നിന്ന് ഒരു സന്ദേശവുമെത്തിയില്ല എന്നതാണ് ഏറ്റവും വിചിത്രവും അവിശ്വസനീയവുമായി ശേഷിക്കുന്നത്.
കൈരളിയുടെ തിരോധാനത്തിനു പിന്നിൽ പ്രതികൂല കാലാവസ്ഥയായിരുന്നെന്നും, ശേഷിയിലും അധികം ചരക്കു കയറ്റിയതു മൂലം മുങ്ങിപ്പോയതാകാമെന്നും, കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതാകാമെന്നുമൊക്കെ അന്നു മുതൽ നിഗമനങ്ങൾ പലതുമുണ്ട്. പക്ഷേ, അപകടത്തിന് അന്നത്തെ സമുദ്ര കാലാവസ്ഥ ഒരു കാരണമായിട്ടില്ലെന്ന് പാലക്കുന്നിൽ കുട്ടി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. നാല്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറവും ആ ദിവസത്തെ തെളിഞ്ഞ കാലാവസ്ഥ കുട്ടിയുടെ കണ്ണിലുണ്ട്. കടൽ ഒട്ടും പ്രക്ഷുബ്ധമായിരുന്നില്ല. കാറ്റ് ശാന്തമായിരുന്നു. ആകാശം തെളിഞ്ഞിരുന്നു. യാനങ്ങൾ തിരകളെ മുറിച്ച് ഉലച്ചിലില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു... 'കൈരളി"യെ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയതാകാമെന്നു തന്നെയാണ് കുട്ടിയുടെ കണക്കുകൂട്ടൽ. കപ്പലിലുണ്ടായിരുന്ന ചരക്ക് കൊള്ളക്കാർ മറ്റൊരു രാജ്യത്ത് വിറ്റിരിക്കാം. കപ്പലിന്റെ പേരും നിറവും മാറ്റി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടാകാം. പൊളിച്ചുവിറ്റിരിക്കാം...! പക്ഷേ, ആ 51 ജീവനക്കാരോ? അത് ഇന്നും ചോദ്യമായിത്തന്നെ അവശേഷിക്കുന്നു!
വയർലെസ് സംവിധാനം പരാജയപ്പെട്ടാൽ കപ്പലുകളിൽ നിന്ന് കരയിലേക്ക് അപായസൂചന നൽകാൻ ഉപയോഗിക്കുന്ന സന്ദേശ ഉപകരണമാണ് ഇപേർബ്. (EPIRB - Emergency Position Indicating Radio Beacon). കപ്പൽ മുങ്ങിപ്പോയാൽ കടൽവെള്ളത്തിന്റെ സ്പർശം മാത്രം മതി, 'ഇപേർബ്" പ്രവർത്തിക്കാൻ. മൂന്ന് മിനിട്ടിനകം ഇതിൽ നിന്നുള്ള സന്ദേശം സാറ്റലൈറ്റ് വഴി കരയിലെ ഏറ്റവും അടുത്ത റെസ്ക്യൂ കോർഡിനേറ്റിംഗ് കേന്ദ്രത്തിലെത്തും. കരയിൽ നിന്ന് രണ്ട് നോട്ടിക്കൽ മൈലിനപ്പുറം കടക്കുന്ന എല്ലാ യാനങ്ങളിലും ഇതുണ്ടായിരിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. പക്ഷേ, നാലര പതിറ്രാണ്ടു മുമ്പ് 'ഇപേർബി"ന്റെ ഉപയോഗം നിയമവിധേയമല്ലാതിരുന്നതിനാൽ 'കൈരളി"യിൽ അതുണ്ടായില്ല!
മനസ്സിൽ നിന്ന്
മായാതെ 1982
മുപ്പത്തിയഞ്ചു വർഷത്തെ കപ്പൽ ജോലിക്കിടെ ഒന്നിലധികം തവണ എസ്.ഒ.എസ് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും പാലക്കുന്നിൽ കുട്ടിക്ക് അവസരമുണ്ടായിട്ടുണ്ട്. 1982-ൽ, അന്നു ജോലിചെയ്തിരുന്ന കപ്പൽ അതിരൂക്ഷമായ കടൽക്ഷോഭത്തിൽ പെട്ടുപോയ അനുഭവം ഒരിക്കലും മറക്കാനാവാത്ത വിധം മനസിലുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലായിരുന്നു കപ്പൽ. എസ്.ഒ.എസ് അയച്ചെങ്കിലും ആർക്കും കപ്പലിനോട് അടുക്കാൻ പറ്റാത്ത അവസ്ഥ. കപ്പൽ ആടിയുലഞ്ഞുകൊണ്ടിരുന്നു. ആ ഉലച്ചിലിൽ ജീവനക്കാരിൽ പലരും ചർദ്ദിക്കാൻ തുടങ്ങി. മൂന്നാം ദിവസം സ്ഥിതി ഗുരുതരമായി. കൈവിട്ടു പോകുമെന്ന അവസ്ഥയിൽ മറ്റു വഴികളെല്ലാം അടഞ്ഞപ്പോൾ ബ്രിട്ടീഷുകാരൻ കപ്പിത്താൻ 32 ജീവനക്കാരെയും വിളിച്ചുകൂട്ടി, അവരവർ വിശ്വസിക്കുന്ന ദൈവത്തോട് പ്രാർഥിക്കാൻ പറഞ്ഞു.
മൂന്നാം നാൾ രക്ഷാദൗത്യവുമായി എത്തിയ ഹെലികോപ്ടറിന് കപ്പലിൽ ലാൻഡ് ചെയ്യാനായില്ല. അഞ്ചാം നാൾ കടൽ ശാന്തമായതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. ആഹാരം കഴിക്കാനാവാതെ എല്ലാവരും ക്ഷീണിതരായിപ്പോയി. കടൽ പൂർണമായും ശാന്തമായതോടെയാണ് പഴയ മട്ടിൽ ജോലി ചെയ്യാനായത്. എസ്.ഒ.എസ് കിട്ടി ഒരു മത്സ്യബന്ധന ബോട്ടിലെ മുഴുവൻ ജീവനക്കാരെയും രക്ഷിക്കാൻ കഴിഞ്ഞ അനുഭവവുമുണ്ട്. കടൽയാത്രകളിലെ ദുരിതപൂർണമായ നാളുകൾ പെട്ടെന്നു മറക്കാൻ നാവികർക്ക് പ്രത്യേക ഇന്ദ്രിയമുണ്ടെന്നും, അതുകൊണ്ടാണ് അവധി കഴിഞ്ഞ് വീണ്ടും അതേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതെന്നും നാവികർക്കിടയിൽ ഒരു ചൊല്ലു തന്നെയുണ്ട്- ചിരിച്ചുകൊണ്ട് പാലക്കുന്നിൽ കുട്ടി പറയുന്നു.
1975-ൽ അമേരിക്കൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച പാലക്കുന്നിൽ കുട്ടി ഇരുപത്തിയഞ്ചു വർഷം അതേ കമ്പനിയിൽ ജോലി ചെയ്തു. ജോലിയിൽ പ്രവേശിച്ച് നാലുവർഷം പിന്നിട്ടപ്പോഴാണ് 'കൈരളി ദുരന്തം" ഉണ്ടാകുന്നത്. എണ്ണക്കപ്പലുകളിൽ മാത്രം ജോലി ചെയ്യുന്ന പെറ്റി ഓഫീസറുടെ വിവിധ ഗ്രേഡുകളിൽ കുട്ടി ഉണ്ടായിരുന്നു. 2011-ൽ ആംഗ്ലോ ഈസ്റ്റേൺ കമ്പനിയിൽ നിന്ന് വിരമിച്ചു. പ്രാദേശികമായി സംഘടിപ്പിച്ച, ലോകത്തെ ആദ്യ മർച്ചന്റ് നേവി ക്ലബ്ബിന്റെ സ്ഥാപകനും പ്രസിഡണ്ടുമാണ് പാലക്കുന്നിൽ കുട്ടി. ക്ളബിന് സ്വന്തം സ്ഥലവും ഓഫീസ് കെട്ടിടവും ഉണ്ടായതും കുട്ടിയുടെ ശ്രമഫലമായിത്തന്നെ. ആദ്യഭാര്യ ശോഭന മരിച്ചപ്പോൾ അദ്ധ്യാപികയായിരുന്ന സരോജിനിയെ വിവാഹം കഴിച്ചു. പിന്നീട് സരോജിനിയും മരിച്ചു. ബംഗളൂരുവിൽ എൻജിനിയറിംഗ് കോളേജ് ഉദ്യോഗസ്ഥയായ ശ്രുതി അനീഷും, കാഞ്ഞങ്ങാട് മിൽമ എം.ഐ.സി സൂപ്പർവൈസർ ആയ സ്വാതി സുജിത്തുമാണ് മക്കൾ.
മർച്ചന്റ് നേവി ക്ളബിന്റെ പ്രവർത്തനങ്ങളും നാട്ടുകാര്യങ്ങളുമായി പാലക്കുന്നിൽ കുട്ടി ഇപ്പോഴും സജീവം. കടലിനെയും കപ്പലിനെയും ബന്ധിപ്പിച്ച് പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രായോഗിക മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി, യു.എസ് ആസ്ഥാനമായുള്ള മോബിൽ ഷിപ്പിംഗ് കമ്പനി രാജ്യാന്തര തലത്തിൽ 1998-ൽ നടത്തിയ പ്രബന്ധ മത്സരത്തിൽ പാലക്കുന്നിൽ കുട്ടിക്കായിരുന്നു ഒന്നാംസ്ഥാനം. അതോടനുബന്ധിച്ച് 1998-ലെ സ്പെഷ്യൽ ഫ്ലീറ്റ് അവാർഡിനും തിരഞ്ഞെടുക്കപ്പെട്ടു. 2500 യു.എസ് ഡോളറും പ്രശംസാ പത്രവുമായിരുന്നു സമ്മാനം.
നടക്കാതെ പോയ
സിനിമാ പ്രോജക്ട്
കൈരളിയുടെ തിരോധാന കഥയ്ക്ക് മലയാളത്തിന്റെ വെള്ളിത്തിരയിൽ പുനർജന്മമുണ്ടാകുമെന്ന് രണ്ടുവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും ആ സിനിമ പ്രേക്ഷകരിലെത്തിയില്ല. നിവിൻ പോളി നായകനായി പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ സംവിധായകനായി അരങ്ങേറ്റം പ്രഖ്യാപിച്ച ചിത്രത്തിന് 'കൈരളി" എന്നു തന്നെയാണ് പേര് തീരുമാനിച്ചിരുന്നത്. സംവിധായകൻ സിദ്ധാർത്ഥ ശിവയുടെ തിരക്കഥയിൽ പോളി ജൂനിയർ പിക്‌ചേഴ്സും റിയൽ ലൈഫ് വർക്‌സും ചേർന്ന് സിനിമ നിർമ്മിക്കാനായിരുന്നു പദ്ധതി.
ഏഴുവർഷം മുമ്പ് നടൻ നിവിൻ പോളി തന്നെയാണ് പ്രോജക്ട് പ്രഖ്യാപിച്ചത്. ആ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനും തീരുമാനിച്ചു. പക്ഷേ, വലിയ മുതൽമുടക്ക് വേണ്ടിവരുന്ന പ്രോജക്ട് അക്കാരണംകൊണ്ടുതന്നെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. കേരളത്തിന്റെ ആദ്യ കപ്പലായ 'എം.വി കൈരളി"യെ ആധാരമാക്കി 'കപ്പൽ" എന്ന പേരിൽ എഴുതിയ തിരക്കഥയുമായി വിഷ്ണു രാജേന്ദ്രൻ എന്ന നവാഗതൻ രംഗത്തുവന്നെങ്കിലും അതും യാഥാർത്ഥ്യമായില്ല. നിവിൻ പോളി തന്നെയായിരുന്നു വിഷ്ണുവിന്റെയും നായകൻ.
ചരിത്ര പ്രാധാന്യമുള്ള 'കൈരളി" എന്ന ചരക്കുകപ്പലിന്റെ തിരോധാനം ആധാരമാക്കി സിനിമ ചെയ്യുമെന്ന് ജൂഡ് ആന്റണി ജോസഫ് കഴിഞ്ഞ വർഷമാണ് അറിയിച്ചത്. മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച '2018" എന്ന ചിത്രത്തിനു ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന പ്രോജക്ട് എന്ന നിലയിലും അത് വാർത്തകളിൽ നിറഞ്ഞു. എന്നാൽ പ്രോജക്ട് ഇപ്പോഴും പ്രാരംഭദശയിൽത്തന്നെ. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ് തിരക്കഥ ഒരുക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലാണ് ചിത്രമെന്നും കേട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |