തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ച് സ്പാം കണ്ടെത്താൻ വാട്സ് ആപ്പ് ശ്രമിക്കുന്നതോടെ കേരളത്തിലടക്കമുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വ്യാപകമായി പൂട്ടിപ്പോകുന്നു. സൈബർ സുരക്ഷ ശക്തമാക്കാൻ വാട്സ് ആപ്പ് പ്രൈവസി പോളിസി കടുപ്പിച്ചിരുന്നു. അനാവശ്യ ലിങ്കുകൾ, വിവാദ പോസ്റ്റുകൾ, ട്രോളുകൾ എന്നിവ പങ്കുവയ്ക്കുന്നവരെ മുൻപ് മറ്റാരെങ്കിലും റിപ്പോർട്ട് ചെയ്യുമ്പോഴാണ് വാട്സ് ആപ്പ് കണ്ടെത്തിയിരുന്നത്. എ.ഐ ഫിൽറ്ററിംഗ് വന്നതോടെ ഉള്ളടക്കത്തിൽ ചെറിയ അസ്വാഭാവിത തോന്നിയാൽ പോലും പേജ് ബ്ലോക്കാക്കും.
ഔദ്യോഗിക രേഖകളടക്കം വാട്സ് ആപ്പിലൂടെ കൈമാറുന്നവർ സൂക്ഷിക്കണമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. 'സ്പാം കാരണം ഈ നമ്പറിലുള്ള അക്കൗണ്ടിന് ഇനി വാട്സ് ആപ്പ് ഉപയോഗിക്കാനാവില്ല' എന്ന സ്ക്രീനാകും പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് വാട്സ് ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാനോ ഫയലുകൾ തുറക്കാനോ സാധിക്കില്ല. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിലുള്ളവരുടെ അക്കൗണ്ടുകളും പൂട്ടും. നിരവധി ഗ്രൂപ്പുകളിൽ അംഗമായവർ, ഒരേ സന്ദേശം ഒരുപാട് പേർക്ക് പങ്കുവയ്ക്കുന്നവർ (ബൾക്ക് മെസേജിംഗ്), സുരക്ഷിതമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ എന്നിവർക്കും പൂട്ടുവീഴും. അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കിൽ പുതിയ നമ്പറിൽ വാട്സ് ആപ്പ് തുടങ്ങേണ്ടി വന്നേക്കും.
നിരീക്ഷണം കാര്യക്ഷമമല്ല
റിപ്പോർട്ട് ചെയ്യാൻ ഉന്നയിച്ച കാരണം ശരിയാണോയെന്ന് പോലും നിരീക്ഷിക്കാതെയാണ് വാട്സ് ആപ്പ് നടപടിയെടുക്കുന്നതെന്ന് ആരോപണമുണ്ട്. ചില തമാശ വാക്കുകൾ പോലും അക്കൗണ്ട് പൂട്ടാൻ കാരണമായി എ.ഐ ഉന്നയിക്കും.
ശ്രദ്ധിക്കാൻ
അപരിചിതരുടെ കോൺടാക്ടുകൾ സേവ് ചെയ്യരുത്
അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്
ഉറപ്പില്ലാത്ത ചിത്രങ്ങൾ,വാർത്തകൾ,വീഡിയോകൾ എന്നിവ പങ്കുവയ്ക്കരുത്
വർഗീയതയും സൈബർ ആക്രമണങ്ങളും നടത്തുന്ന ഗ്രൂപ്പുകളിൽ ചേരരുത്
അക്കൗണ്ട് പോയാൽ
1.വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുക
2കസ്റ്റമർ സപ്പോർട്ട് വെബ്സൈറ്റിൽ 'കോൺടാക്ട് അസ്' ഐക്കൺ ഞെക്കുക
3.ഫോൺ നമ്പർ, മെയിൽ ഐഡി, പ്രശ്നം എന്നിവ സഹിതം വാട്സ് ആപ്പിന് സന്ദേശം അയക്കുക
4.എഴുപതുശതമാനം പേർക്കും 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുമെന്നാണ് വാട്സ് ആപ്പിന്റെ വാഗ്ദാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |