തിരുവനന്തപുരം: കേരള ബാങ്കിനും വിവരാവകാശ നിയമം ബാധകമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ബാങ്ക് സംസ്ഥാന ഓഫീസും 14 ജില്ലാ ബാങ്കുകളും അവയുടെ ശാഖകളും നിയമത്തിന്റെ പരിധിയിൽ വരും. ഏത് പൗരനും നിയമ പ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു.
കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പ തിരിച്ചടവ് തർക്കത്തെ തുടർന്ന് ഒരു കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തുവകകൾ ജപ്തിചെയ്തിരുന്നു. ഇതേ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതോടെ ബന്ധപ്പെട്ട വായ്പാ രേഖകൾ വിവരാവകാശ നിയമപ്രകാരം ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കൽ വി. രാജേന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നാണ് മറുപടി നൽകിയത്. പതാരം ശാഖയിൽ നിന്നുള്ള മറുപടിയിൽ ചോദിച്ച രേഖകൾ നിയമത്തിലെ എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെതിരെയുള്ള ഹർജിയിലാണ് കമ്മിഷണറുടെ ഉത്തരവ്.ഒരാഴ്ചയ്ക്കകം വി.രാജേന്ദ്രന് വിവരം നല്കിയശേഷം ആഗസ്റ്റ് 14 നകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
കേരള ബാങ്ക് പൊതു
അധികാര സ്ഥാപനം
1. സർക്കാർ ഉത്തരവിലൂടെയാണ് ബാങ്ക് നിലവിൽ വന്നത്. ആകെ 2159.03 കോടി രൂപ മൂലധന നിക്ഷേപമുള്ളതിൽ 906 കോടി രൂപ സർക്കാരിന്റെ ഓഹരിയാണ്. ഈ വർഷം 400 കോടി സർക്കാർ അധികമൂലധനം അനുവദിച്ചു. ഇത്തരത്തിലുള്ള ബാങ്കിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയാൻ പൗരന് അവകാശമുണ്ട്. വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാപനം എന്ന പരിധിയിൽ കേരള ബാങ്കും ഉൾപ്പെടും.
2. ഓരോ ശാഖയുടെയും മാനേജർ അവിടുത്തെ പൊതു അധികാരികളാണ്. അവസാനമായി കേരള ബാങ്കിൽ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണ്.
കേന്ദ്ര അവഗണനയ്ക്ക്
എതിരെ മുന്നിട്ടിറങ്ങണം:
കെ.എസ്.ടി.എ
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് നൽകേണ്ട വിഹിതം തടഞ്ഞുവയ്ക്കുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ അദ്ധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.എ അർദ്ധവാർഷിക കൗൺസിൽ യോഗം. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാഡമിക മുന്നേറ്റത്തിന് കരുത്ത് പകരുക,വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നൽകുക എന്നീ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി കെ.ബദറുന്നിസ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ഭാരവാഹികളായ എ.കെ ബീന,എം.എ അരുൺകുമാർ,എ.നജീബ് എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. ട്രഷറർ ടി.കെ.എ ഷാഫി സ്വാഗതവും സെക്രട്ടറി കെ. രാഘവൻ നന്ദിയും രേഖപ്പെടുത്തി.
@ കായകൽപ്പ് അവാർഡ്
പൊന്നാനി ഡബ്ല്യു.ആൻഡ്.സി
മികച്ച ജില്ലാ ആശുപത്രി
തിരുവനന്തപുരം: മികച്ച സർക്കാർ ആശുപത്രികൾക്കുള്ള 2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളിൽ മലപ്പുറം പൊന്നാനി ഡബ്ല്യു.ആൻഡ്.സി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് നേടി. മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രിയാണ് രണ്ടാം സ്ഥാനത്ത്. 20 ലക്ഷമാണ് സമ്മാനം.
സബ് ജില്ലാ തലത്തിൽ തൃശൂർ താലൂക്കിലെ ചാവക്കാട് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ഒന്നാമതെത്തി. 15 ലക്ഷമാണ് അവാർഡ്. രണ്ടാം സമ്മാനമായ 10 ലക്ഷം മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയും നേടി. തൃശൂർ വലപ്പാട് സി.എച്ച്.സിയാണ് മികച്ച സാമൂഹികാരോഗ്യ കേന്ദ്രം. മൂന്നു ലക്ഷമാണ് സമ്മാനം. മൂന്നു ക്ലസ്റ്ററായി തിരിച്ചുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഒന്നാം ക്ലസ്റ്ററിൽ തിരുവനന്തപുരം മുട്ടട അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,രണ്ടാം ക്ലസ്റ്ററിൽ തൃശൂർ പോർക്കിലങ്ങാട് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,മൂന്നാം ക്ലസ്റ്ററിൽ അർബൻ കോഴിക്കോട് പയ്യോളി പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടു ലക്ഷം വീതമാണ് ഒന്നാം സമ്മാനം. മികച്ച എക്കോ ഫ്രണ്ട്ലി ആശുപത്രിയ്ക്കുള്ള 10ലക്ഷത്തിന്റേയും അവാർഡും പൊന്നാനി ഡബ്ല്യു.ആൻഡ്.സിയ്ക്കാണ്. രണ്ടാം സ്ഥാനമായ 5 ലക്ഷം തിരുവനന്തപുരം പള്ളിക്കൽ സി.എച്ച് സി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |