കല്പറ്റ : വയനാട്ടിൽ കനത്ത മഴ തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളിലാണ് അതീതീവ്രമഴ പെയ്യുന്നത്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ . കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്നുമണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിലും അതിശക്തമായ മഴ തുടരുന്നു. മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരും. നാളെ കോട്ടയം. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായ നിലയിലോ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റ് വീശും. ഇത് മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ വീശാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |