തിരുവനന്തപുരം: കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള പ്രായപരിധി 40ൽ നിന്ന് 50 വയസായി ഉയർത്താൻ കേരള സർവകലാശാല. അടുത്ത സെനറ്റിൽ ഇതിനായുള്ള ചട്ടഭേദഗതി വരുത്തും. യു.ജി.സി ചട്ടങ്ങൾക്കനുസരിച്ചാണിത്. സർക്കാർ /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, ട്രെയിനിംഗ്, ലാ, സംസ്കൃതം, അറബിക് കോളേജുകളിൽ ഇത് ബാധകമാവും. നിയമനത്തിന് യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല. അസി. പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഉയർന്ന ബിരുദങ്ങൾ നേടുന്നവർക്ക് കോളേജ് അദ്ധ്യാപക ജോലിക്ക് അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നു. വിദേശ സർവകലാശാലകളിലെ മികച്ച ഗവേഷകരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രായപരിധി മാറ്റുന്നത് സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
വാട്ടർ അതോറിട്ടി 1916 സേവനം
താത്കാലികമായി മുടങ്ങും
തിരുവനന്തപുരം: ബി.എസ്.എൻ.എൽ സാങ്കേതിക സംവിധാനങ്ങൾക്കുണ്ടായ തകരാർ മൂലം കേരള വാട്ടർ അതോറിട്ടിയുടെ 24 മണിക്കൂർ ടോൾ ഫ്രീ നമ്പറായ 1916 വഴിയുള്ള സേവനം തടസ്സപ്പെട്ടു. ബി.എസ്.എൻ.എൽ കണക്ഷൻ പുനഃസ്ഥാപിച്ചാൽ മാത്രമേ 1916 സേവനം തുടർന്ന് ലഭ്യമാവുകയുള്ളൂവെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.
മന്ത്രി എം.ബി.രാജേഷ് ഒരു മാസത്തെ ശമ്പളം നൽകി
തിരുവനന്തപുരം: മന്ത്രി എം .ബി രാജേഷ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരും 10 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
ജലാശയങ്ങളിൽ കുളിച്ചവർ രോഗ
ലക്ഷണം കണ്ടാൽ ചികിത്സിക്കണം
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം തിരുവനന്തപുരത്തെ മൂന്നിടത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളം, തോട് തുടങ്ങിയ ജലാശയങ്ങിൽ കുളിച്ചവർ രോഗലക്ഷണം കണ്ടാലുടൻ ചികിത്സ തേടണമെന്ന് മന്ത്രി വീണാ ജോർജ്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. ആരംഭത്തിൽ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പായൽ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിൽൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്
മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയ്ക്ക് ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പുള്ളവർ ജലാശയങ്ങളിൽ കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന്
വയസുകാരൻ സുഖം പ്രാപിക്കുന്നു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ള അവസാന കുട്ടിയും സുഖം പ്രാപിക്കുന്നു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് ആരോഗ്യനില വീണ്ടെടുത്തത്. പീഡിയാട്രിക് ഐ.സി.യുവിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുമെന്നും ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ. അബ്ദുൾ റൗഫ് വ്യക്തമാക്കി. ചികിത്സയിലായിരുന്ന കാരപ്പറമ്പ് സ്വദേശിയായ നാലുവയസുകാരനും പയ്യോളി പള്ളിക്കര സ്വദേശിയായ പതിനാലുകാരനും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |