ന്യൂഡൽഹി : യു.ജി.സി നെറ്റ് പുന:പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 21ന് തന്നെ നടക്കും. പുന:പരീക്ഷയ്‌ക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജൂൺ 18ന് നടത്തിയ പരീക്ഷ റദ്ദാക്കി പുതിയ തീയതി പ്രഖ്യാപിച്ച് രണ്ടു മാസമാകുന്നു. പരീക്ഷ റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കുന്നത് അനിശ്ചിതത്വമുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അത് വലിയ അരാജകത്വത്തിലേക്ക് നയിക്കും. എല്ലാം തികഞ്ഞ ലോകത്തല്ല ജീവിക്കുന്നത്.
ഒൻപതു ലക്ഷം പരീക്ഷാർത്ഥികളുണ്ട്. അതിൽ 47 പേർ മാത്രമാണ് എതിർക്കുന്നത്. നീറ്റ് യു.ജിയിൽ സംഭവിച്ചതിനെ സംബന്ധിച്ച് കേന്ദ്രസർക്കാരിന് ബോദ്ധ്യമുണ്ട്. അതിനാലാണ് പിഴവുകളില്ലാതെ ഈ പരീക്ഷ നടത്താൻ കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർന്നുവെന്ന വിവരത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത്.സംഭവം സി.ബി.ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |