ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയത്തിൽ കൃഷ്ണനാട്ടം വേഷം വിഭാഗത്തിലെ പരിശീലനത്തിനെത്തിയ പത്തു വയസുകാരന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ട് ആശാൻമാരെ ദേവസ്വം ഭരണസമിതി സസ്‌പെൻഡ് ചെയ്തു. വേഷവിഭാഗം ആശാൻമാരായ എം.വി.ഉണ്ണിക്കൃഷ്ണൻ, അകമ്പടി മുരളി എന്നിവരെയാണ് ദേവസ്വം ഭരണസമിതി സസ്‌പെൻഡ് ചെയ്തത്. വിവരം ദേവസ്വം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ടെമ്പിൾ പൊലീസ് കേസെടുത്തു. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ കോടതി അറസ്റ്റ് തടഞ്ഞു.
വിഭാഗത്തിൽ രണ്ട് വർഷം മുമ്പ് ട്രെയിനിയായെത്തിയ കുട്ടിയെ ചെവിക്ക് പിറകിലും കാൽമുട്ടിന്റെ പിൻഭാഗത്തും കൃഷ്ണനാട്ടത്തിന് താളമിടുന്ന ഉരുളൻ വടി കൊണ്ടാണ് മർദ്ദിച്ചത്. വേദന സഹിക്കാനാകാതെ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ ദേവസ്വം അധികാരികൾക്ക് പരാതി നൽകി. പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഭരണ സമിതി വേദിക് ആൻഡ് കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരിയെ ചുമതലപ്പെടുത്തി, പരാതി പൊലീസിന് കൈമാറി. ഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. കൃഷ്ണനാട്ടം കളരിയിൽ ഈ മാസം 30 വരെ മെയ്യഭ്യാസ പരിശീലനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ അറസ്റ്റ് ഒഴിവാക്കാനായി കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റ് ഒഴിവാക്കിയത്. കൃഷ്ണനാട്ടം കലാകാരന്മാർക്ക് പരിശീലനത്തിന്റെ കാലമാണ് ഇപ്പോൾ. പുലർച്ചെ മൂന്ന് മുതലാണ് പരിശീലനം. കഴിഞ്ഞവർഷവും ഈ കാലയളവിൽ ഈ കുട്ടിക്ക് കളരിയിൽ നിന്നും മർദ്ദനമേറ്റിരുന്നു. എന്നാൽ അന്ന് പരാതി എഴുതി നൽകാൻ പിതാവ് തയ്യാറായില്ല. പരാതി നൽകിയാൽ വരും നാളുകളിൽ കൂടുതൽ ഉപദ്രവമുണ്ടാകുമോ എന്ന ആശങ്കയായിരുന്നു. ബാലാവകാശ കമ്മിഷനും കുട്ടിയുടെ പിതാവ് പരാതി നൽകി. മർദ്ദനം തുടർക്കഥയായതോടെ കളരിയിൽ ദേവസ്വം ക്യാമറ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |