മൊബൈൽ ഫോണുകൾ, ടിവി തുടങ്ങി നിരവധി ചൈനീസ് ഉത്‌പന്നങ്ങൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ചൈനീസ് ഉത്‌പന്നങ്ങളെ പലരും ഗുണമേന്മയുടെ പേരിൽ പരിഹസിക്കാറുമുണ്ട്. എന്നിരുന്നാലും ചൈനീസ് ഉത്‌പന്നങ്ങളോടും ചൈനയിലെ വാർത്തകളോടും മിക്കവർക്കും കൗതുകം കൂടുതലാണ്. ഇപ്പോഴിതാ കൗതുകവും ആശങ്കയും ഒരുപോലെയുണ്ടാക്കുന്ന ഒരു വിചിത്ര വാർത്തയാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്.
കാറുകൾ ഗർഭം ധരിക്കുന്നു
ചൈനയിലെ കാറുകൾ ഗർഭിണിയാവുന്നു എന്നതാണ് പുറത്തുവരുന്ന വാർത്ത. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. ചൈനയിലെ കാറുകളുടെ മുൻഭാഗം ബലൂൺ പോലെ വീർത്തുവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനയിലെ മാദ്ധ്യമപ്രവർത്തകയായ ജെന്നിഫർ സെംഗ് പങ്കുവച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. 'തമാശയല്ല, ചൂട് കൂടുമ്പോൾ ചൈനീസ് നിർമിത കാറുകൾ ഗർഭം ധരിക്കുന്നു'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
China’s record heatwave causes cars to develop bulges. Prolonged exposure to direct sunlight can potentially affect the longevity and appearance of car wraps. pic.twitter.com/UZAxxa0Ls8
— Creepy.org (@creepydotorg) August 10, 2024
ചൈനയിൽ ആഡംബര കാർ ബ്രാൻഡ് ആയ ഓഡിയടക്കം ഇത്തരത്തിൽ മുൻഭാഗം വീർത്ത നിലയിൽ കാണപ്പെടുന്നുണ്ട്. ദൃശ്യങ്ങളിൽ ലോകത്താകമാനം നിന്നുള്ള സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാറുകളുടെ വീർത്ത ഭാഗം പൊട്ടുമ്പോൾ അതിൽ നിന്ന് വിഷവാതകം പുറത്തുവരാമെന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചൈനീസ് ഉത്‌പന്നങ്ങളിൽ നിന്ന് എന്തൊക്ക അപകടകരമായ രാസവസ്തുക്കൾ പുറത്തുവരാമെന്ന് പലരും കമന്റ് ചെയ്യുന്നു. വീർത്തുവന്ന കാറുകൾ എങ്ങനെ പൂർവ്വസ്ഥിയിലാകുമെന്നും പലരും ചോദ്യം ഉന്നയിച്ചു.
ശാസ്‌ത്രലോകത്തിന്റെ വിശദീകരണം
ചൈനയിലെ ഉയർന്നുവരുന്ന കനത്ത താപനിലയാണ് കാറുകളുടെ മുൻഭാഗം വീർത്തുവരാൻ കാരണമാവുന്നത്. കാറിൽ ഉപയോഗിക്കുന്ന ഫിലിം അല്ലെങ്കിൽ ആവരണങ്ങളാണ് ഇത്തരത്തിൽ വീർത്തുവരുന്നത്. കാറിന്റെ പെയിന്റിന് സംരക്ഷണം നൽകാൻ ഉപയോഗിക്കുന്ന വിനൈൽ ഫിലിമുകളാണ് കാർ റാപ്പുകൾ. കാറിന് പ്രൗഡിയും ഭംഗിയും നൽകുന്നതിനും ഇത് സഹായിക്കുന്നു. ചൂടും തണുപ്പും അടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ആവരണം നിർമിക്കുന്നത്. എന്നാൽ കനത്ത ചൂടിൽ ഇത് വികസിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് മോട്ടോർ വെഹിക്കിൾ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ഉയർന്ന താപനിലയിലും തീവ്രമായ സൂര്യപ്രകാശത്തിലും ദീർഘനേരം നേരിട്ട് അഭിമൂഖീകരിക്കുന്നത് ആവരണം ഇളകിപോകുന്നതിന് കാരണമാകുമെന്ന് വിനൈൽ ഫിലിമുകളുടെ മുൻനിര നിർമ്മാതാക്കളായ റാപ്പ് ഗൈസിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഫിലിമുകൾ കുമിള പോലെ വീർത്തുവരുന്നതിന് കാരണമാകുമെന്നും ഇവർ വ്യക്തമാക്കി. കാർ റാപ്പുകളിൽ അൾട്രാവയലെറ്റ് സംരക്ഷണ ആവരണമുണ്ടെങ്കിലും അമിതമായ ചൂട് ഫിലിം വികസിക്കുന്നതിന് കാരണമാവുന്നു.
അതിനാൽ തന്നെ വാഹനങ്ങളിൽ ഗുണമേന്മയുള്ള ഫിലിമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉറപ്പ് വരുത്തണമെന്ന് വിദഗ്ദ്ധർ പറയുന്നു. അമിത ചൂടുകാലത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗാരേജിലോ പാർക്കിംഗ് സ്ളോട്ടുകളിലോ മാത്രം വാഹനം നിറുത്തിയിടണമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ചൈനയിൽ ആശങ്കയാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ
ചൈനയിൽ താപനില ദിനംപ്രതി വർദ്ധിക്കുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ പല നഗരങ്ങളിലും 40 ഡിഗ്രി സെൽഷ്യസിലധികം താപനിലയാണ് രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലാണ് ചൈനയുടെ 'ഗർഭിണി കാറുകൾ'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |