
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ രൂപയില്‍ നിന്ന് മാറ്റുന്നതിനുള്ള ആലോചന പുരോഗമിക്കുകയാണ്. ഇതിന്റെ ഒന്നാം ഘട്ടം ഇതിനോടകം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ചിത്രത്തിന് പകരമായി ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഒന്ന് രണ്ട് ചിഹ്നങ്ങള്‍ ആണ് പരിഗണിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ രൂപയില്‍നിന്നും നീക്കിയശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത് നിയമമായി മാറിയത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ' വിബി ജി റാം ജി ' ബില്ലില്‍ (തൊഴിലുറപ്പ് ഭേദഗതി ബില്‍) രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പിട്ടു. ലോക്‌സഭയിലും രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്‍ മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പുതിയ ബില്ലില്‍ ഗ്രാമീണരായ കുടുംബങ്ങള്‍ക്കുള്ള തൊഴില്‍ദിനങ്ങള്‍ 100ല്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് വരുമാന സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |