ഡോ.ടി.പി.സേതുമാധവൻ
നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യ കോട്ട എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്‌സിംഗ് കോഴ്സുകളിലേക്കുള്ള കൗൺസിലിങ് രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ കീഴിലുള്ള മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. 15 ശതമാനം അഖിലേന്ത്യ കോട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകളിലെ മുഴുവൻ അഖിലേന്ത്യ കോട്ട,സ്ഥാപന കോട്ട സീറ്റുകൾ, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി , ജാമിയ മില്ലിയ ഇസ്ലാമിയ, ഡീംഡ് സർവ്വകലാശാലകൾ, എയിംസ്, ജിപ്മെർ, ഇ.എസ്.ഐ മെഡിക്കൽ കോളേജുകൾ എന്നിവയിലേക്ക് രജിസ്റ്റർ ചെയ്യാം. ആംഡ് ഫോഴ്സ് മെഡിക്കൽ കോളജിയിലേക്കും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഇവിടെ നീറ്റ് റാങ്ക് പ്രകാരം ഷോർട് ലിസ്റ്റ് ചെയ്യുന്നവർക്ക് പ്രത്യേകം അഭിരുചി പരീക്ഷയുണ്ട്. 15 ശതമാനം അഖിലേന്ത്യ കോട്ടയിലേക്ക് വർധമാന മഹാവീർ മെഡിക്കൽ കോളേജ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ABVIMS, RML ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് ഓപ്ഷൻ നൽകാം.ഇവിടെ 85 ശതമാനം സീറ്റുകൾ സംസ്ഥാന കോട്ടയാണ്. കേന്ദ്ര യൂണിവേഴ്സിറ്റികളിലെയും, സ്ഥാപനങ്ങളിലെയും ബി.എസ്.സി നഴ്സിംഗ് കോഴ്‌സുകൾക്കും ഓപ്ഷൻ നൽകാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ എല്ലാ സംവരണവും ലഭിക്കും. എസ്.സി, എസ്,ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 27 ശതമാനം സംവരണാനുകൂല്യമുണ്ട്.
രജിസ്റ്റർ ചെയ്യാൻ www.mcc.nic.in ലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും, തിരിച്ചു ലഭിക്കാത്ത നോൺ റീഫൻഡബിൾ ഡെപ്പോസിറ്റുമുണ്ട്. ആഗസ്റ്റ് 20 വരെ ചോയ്സ് ഫില്ലിംഗ് നടത്താം/രജിസ്‌ട്രേഷൻ ഫീസടക്കാം. ആഗസ്റ്റ് 23 നുഫലം ആദ്യ കൗൺസിലിങ് ഫലം പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 29 നകം പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യണം. രണ്ടാം റൗണ്ട് കൗൺസിലിങ്ങിന്റെ ഭാഗമായുള്ള ചോയ്സ് ഫില്ലിംഗ് സെപ്തംബര് 6 മുതൽ 10 വരെയും, മൂന്നാം റൗണ്ട് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ രണ്ടു വരെയാണ്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌ട്രെ റൗണ്ട് കൗൺസിലിങ് ഒക്ടോബർ 17 മുതൽ 20 വരെയാണ്.
രജിസ്‌ട്രേഷൻ ഫീസ് - അഖിലേന്ത്യ കോട്ട സർക്കാർ സീറ്റിലേക്ക് 1000 രൂപ തിരിച്ചു ലഭിക്കാത്തതും, 10000 രൂപ തിരിച്ചു ലഭിക്കുന്നതുമായ ഫീസ് അടക്കണം.( സംവരണ വിഭാഗത്തിൽപ്പെട്ടവർക്കിത് യഥാക്രമം 500 രൂപയും, 5000 രൂപയുമാണ്. ഡീംഡ് യൂണിവേഴ്സിറ്റികളിലിത് യഥാക്രമം 5000 രൂപയും, രണ്ടു ലക്ഷം രൂപയുമാണ്.
ആദ്യ റൗണ്ടിൽ പ്രവേശനം ലഭിച്ച സീറ്റിൽ താൽപര്യമില്ലെങ്കിൽ ഒഴിവാക്കാനുള്ള ഫ്രീ എക്സിറ്റ് ഓപ്ഷനുണ്ട്. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചു ഒഴിവായാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടമാകും. മൂന്നാം റൗണ്ടിൽ സീറ്റ് ലഭിച്ചു ഒഴിവായാൽ തുടർ കൗൺസിലിങ് റൗണ്ടുകളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. സ്‌ട്രെ റൗണ്ടിൽ നിന്ന് സീറ്റ് ലഭിച്ചു ഒഴിവായാൽ അടച്ച ഫീസ് നഷപ്പെടും. ഒരുവര്ഷത്തേയ്ക്കു നീറ്റ് പരീക്ഷ എഴുതാൻ സാധിക്കുകയുമില്ല. അതിനാൽ വിദ്യാർത്ഥിയും, രക്ഷിതാവും വ്യക്തമായ തീരുമാനമെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |