തൃശൂർ: ഗുരുവായൂരപ്പൻ, സാന്താക്ളോസ്, ചാച്ചാജി... ഇപ്പോഴിതാ മാവേലി വേഷം. സീസണനുസരിച്ച് പല വേഷത്തിൽ ഗുരുവായൂർ അമ്പലനടയിൽ ലോട്ടറി വില്പനയ്ക്ക് മായാദേവി എത്തുമ്പോൾ എല്ലാവർക്കും കൗതുകം. പക്ഷേ, മായാദേവിക്ക് ഇതൊരു പ്രച്ഛന്ന വേഷമല്ല, ഒരു നേരത്തെ അന്നത്തിനു വേണ്ടിയുള്ള ജീവിത വേഷം. വേഷത്തിന്റെ പ്രത്യേകത കണ്ട് ആളുകൾ ശ്രദ്ധിക്കും, ലോട്ടറിയും വാങ്ങും. ഓണമടുത്തതു കൊണ്ടാണ് ഇപ്പോൾ മാവേലി വേഷം.
പതിനാറു വർഷമായി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ലോട്ടറി വില്പന തുടങ്ങിയിട്ട്.
കൊവിഡ് കാലത്ത് പട്ടിണിയുടെ വക്കിലെത്തിയപ്പോഴാണ് ലോട്ടറി വില്പനയ്ക്ക് പല വേഷങ്ങൾ പരീക്ഷിച്ചു തുടങ്ങിയത്. ആദ്യം മാസ്‌കു വച്ച മാവേലിയായി. പിന്നെ പലപല വേഷം. ജോക്കറുടെ വേഷംവരെ അണിഞ്ഞിട്ടുണ്ട്.
കുട്ടിക്കാലത്ത് ഓട്ടൻതുള്ളലും പ്രച്ഛന്നവേഷവുമെല്ലാം ചെയ്ത് പരിചയമുള്ളതിനാൽ എല്ലാ വേഷങ്ങളും വഴങ്ങുമെന്ന് മായാദേവി. തുന്നൽ അറിയാവുന്നതിനാൽ ഒരു വേഷംതന്നെ പലതായി രൂപമാറ്റം വരുത്തും. ഈ വേഷങ്ങൾ കൊണ്ട് ഒരു ഗുണമുണ്ട്. ആരും മോശമായി പെരുമാറില്ല. മുൻപ് സാധാരണ സ്ത്രീയായി നിൽക്കുമ്പോൾ അപമാനിക്കാൻ ശ്രമിച്ചവരുണ്ട്. ദൈവങ്ങളുടെ വേഷം കണ്ടാൽ മറുനാട്ടുകാർക്കെല്ലാം വലിയ ഭക്തിയാണ്. അനുഗ്രഹം വാങ്ങാൻ വരെ അടുത്തെത്തും.
ദൗർഭാഗ്യങ്ങളുടെ ജീവിതം
എറണാകുളം വൈപ്പിൻകരയിലാണ് ജനനം. ബി.കോം പാസായശേഷം സർക്കാർ ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശിയുമായി വിവാഹം. സ്വർണ്ണവും പണവും നൽകിയില്ലെന്ന ഭർതൃവീട്ടുകാരുടെ കുറ്റപ്പെടുത്തലിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ബന്ധം ഉലഞ്ഞു. ഭർത്താവും കൈയൊഴിഞ്ഞു. പീഡനങ്ങൾ നേരിട്ടു. പെൺകുഞ്ഞുണ്ടായപ്പോൾ, ആൺകുഞ്ഞാണെങ്കിൽ മാത്രം വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ വീടുവിട്ടിറങ്ങേണ്ടിവന്നു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി. ജീവിക്കാൻ ലോട്ടറി വില്പന തുടങ്ങി. ഇപ്പോൾ ഗുരുവായൂരിൽ വാടകയ്ക്ക് താമസിക്കുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ മകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകി ജോലി നേടിക്കൊടുക്കണം, സ്വന്തമായൊരു വീട്... മായാദേവിയുടെ സ്വപ്നം അത്രമാത്രം.
ഒരു ദിവസത്തെ
ലാഭം വയനാടിന്
ഓണം ബമ്പർ വിറ്റുകിട്ടുന്നതിൽ ഒരു ദിവസത്തെ ലാഭം വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകുമെന്ന് ടി.എസ്.മായാദേവി. കഷ്ടപ്പാടുകൾ ഏറെയുണ്ട്. എങ്കിലും നൽകാതിരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |