പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. റഫീക്ക് എം, മഹേഷ്, ഹരിഗോവിന്ദ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, വൈശാഖ്, ജയേഷ് എന്നിവർക്കാണ് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് എസ്.പി അറിയിച്ചു.
കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടിരുന്നു. പ്രതികൾ പൊലീസുകാരായതിനാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും സജിനി പറഞ്ഞിരുന്നു.
ലക്കിടി റെയിൽവേ പാളത്തിന് സമീപത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ കുടുംബം ആരോപിക്കുന്ന കാര്യങ്ങൾ തന്നെയാണ് മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പിലുമെന്നാണ് സൂചന.
മാസങ്ങളായി കുമാർ അനുഭവിച്ച ജാതീയ വിവേചനവും മാനസിക- ശാരീരിക പീഡനവുമാണ് കത്തിന്റെ ഉള്ളടക്കം. മേലുദ്യോഗസ്ഥരിൽ ചിലരുടെ പേരും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പീഡന വിവരം നേരത്തേ അറിഞ്ഞിട്ടും പരാതി നൽകാതിരുന്നത് വീണ്ടും പ്രശ്നം ഉണ്ടാവാതിരിക്കാനാണെന്ന് സജിനി പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തിൽ ഇതുകൂടി പരിഗണിച്ചാവും അന്വേഷണമെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രൻ അറിയിച്ചിരുന്നു. സംഭവത്തിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി - എസ്.ടി കമ്മിഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |