നയങ്ങൾ രൂപീകരിക്കുന്നത് സർക്കാരാണ്. എന്നാൽ നടപ്പാക്കുന്നത് ബ്യൂറോക്രസിയും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും പാവപ്പെട്ടവരെ സഹായിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ രൂപം നൽകിയ പല നയങ്ങളുടെയും ഭാഗമായ പദ്ധതികൾ വേണ്ടവിധത്തിൽ നടപ്പാക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, അത് ഭരണകർത്താക്കൾ ഉദ്ദേശിച്ച രീതിയിൽ പാവപ്പെട്ടവർക്ക് ഗുണകരമായിട്ടുമില്ല. ഇതിനു പ്രധാന കാരണം ബ്യൂറോക്രസിയുടെ ഒരു പ്രത്യേക ചട്ടക്കൂട്ടിലുള്ള പ്രവർത്തനമാണ്. പിന്നാക്ക സമുദായത്തിലുള്ളവർ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മറ്റും ആയിട്ടുണ്ടെങ്കിലും ബ്യൂറോക്രസിയുടെ ഉന്നതങ്ങളിൽ സമൂഹത്തിന്റെ താഴേക്കിടയിൽ നിന്നുള്ളവർ വളരെ കുറവാണ്. രാജാവ് കനിഞ്ഞാലും മന്ത്രി കനിയില്ല എന്നൊരു അവസ്ഥ കാലാകാലങ്ങളായി കേന്ദ്ര, സംസ്ഥാന ഭരണ തലങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ് കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നിയമനത്തിന് നടന്ന ലാറ്ററൽ എൻട്രി നീക്കം.
രാജ്യത്തെ ബ്യൂറോക്രസിയുടെ തലപ്പത്ത് എത്തുന്ന സിവിൽ സർവീസുകാരെ ഉൾപ്പെടെ നിയമിക്കുന്ന യു.പി.എസ്.സിയാണ് ഈ അട്ടിമറിക്ക് ശ്രമിച്ചത് എന്നത് കാലാകാലങ്ങളിൽ നടന്ന സംവരണ അട്ടിമറിയെക്കുറിച്ച് അറിയാവുന്നവരിൽ യാതൊരു ഞെട്ടലും ഉണ്ടാക്കില്ല. സവർണ ഉദ്യോഗസ്ഥർക്ക് പ്രാമുഖ്യമുള്ള യൂണിവേഴ്‌സിറ്റികളിലായാലും ബോർഡുകളിലായാലും ഇത്തരം സംവരണ അട്ടിമറികൾ പതിവായി നടന്നുവന്നിരുന്നതാണ്. പിന്നാക്ക സമുദായങ്ങളും മാദ്ധ്യമങ്ങളും മറ്റും ഇത് ചൂണ്ടിക്കാണിക്കുമ്പോൾ പോലും അതിനെ ന്യായീകരിക്കാനും തിരുത്താതിരിക്കാനുമാണ് പലപ്പോഴും ബന്ധപ്പെട്ടവർ ശ്രമിക്കുക. കോടതികളിൽ നിന്നുള്ള ഉത്തരവുകളാണ് പലപ്പോഴും ഇത്തരം അട്ടിമറികൾ തിരുത്തപ്പെടാൻ ഇടയാക്കുക. യു.പി.എസ്.സി നടത്തിയ സംവരണ വിരുദ്ധ അട്ടിമറി ഇത്തവണ തിരുത്തപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടർന്നാണ്. 45 തസ്‌തികകളിലെ നിയമനവുമായി ബന്ധപ്പെട്ട പരസ്യം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തെത്തുടർന്ന് യു.പി.എസ്.സി പിൻവലിക്കുകയുണ്ടായി.
എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവും എൽ.ജെ.പിയും ഇതിനെ പരസ്യമായി എതിർത്ത് പ്രസ്‌താവനകൾ പുറപ്പെടുവിച്ചപ്പോൾ ദളിത്, ഒ.ബി.സി വിഭാഗങ്ങൾക്കെതിരെയുള്ള നീക്കമെന്നാണ് രാഹുൽഗാന്ധി ആരോപിച്ചത്. തുടർന്ന് പരസ്യം പിൻവലിക്കാൻ യു.പി.എസ്.സി ചെയർമാന് നിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിക്കുകയും ചെയ്‌തു. 24 മന്ത്രാലയങ്ങളിലെ 10 ജോയിന്റ് സെക്രട്ടറിമാരുടെയും ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലെ 35 ഒഴിവുകളിലേക്കും ഉൾപ്പെടെ 45 തസ്‌തികകളിലേക്കാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ഈ 45 ഒഴിവുകളും ഒറ്റ ഗ്രൂപ്പായി കണക്കാക്കിയാൽ സംവരണം നൽകേണ്ടിവരും. ഇതൊഴിവാക്കാൻ ഓരോ മന്ത്രാലയത്തിലെയും ഒഴിവിന് പ്രത്യേകം പരസ്യമാണ് നൽകിയത്. അപ്പോൾ സംവരണത്തിലൂടെ ആർക്കും നിയമനം നൽകേണ്ടിവരില്ല. ഇതിനെ നിയമപരമായി ചോദ്യം ചെയ്‌താലും നിലനിൽക്കില്ല. കാരണം പ്രത്യക്ഷത്തിൽ സംവരണം അട്ടിമറിച്ചതായി കാണാനാകില്ല!
ആഭ്യന്തരം, ധനകാര്യം, ഐ.ടി, സ്റ്റീൽ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാൻ നീക്കം നടന്നത്. ഈ സ്ഥാനങ്ങളിൽ ഒരൊറ്റ ദളിത്, ഒ.ബി.സി സമുദായക്കാരൻ വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് യു.പി.എസ്.സി ലാറ്ററൽ എൻട്രി നിയമന നീക്കം നടത്തിയത്. 2005-ൽ യു.പി.എ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച രണ്ടാം ഭരണപരിഷ്‌കാര കമ്മിഷനാണ് ലാറ്ററൽ എൻട്രിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്. അതാണ് പൊടിതട്ടിയെടുത്ത് യു.പി.എസ്.സിയിലെ 'തമ്പുരാക്കന്മാർ' നടപ്പിലാക്കാൻ ശ്രമിച്ചത്. സർക്കാരിനു പുറത്തുള്ള മികവുറ്റവരെ കണ്ടെത്തി നിയമനം നടത്താനാണ് ലാറ്ററൽ എൻട്രി സമ്പ്രദായം ആവിഷ്‌ക്കരിച്ചത്. അത് നടപ്പാകുമ്പോൾ അത്തരം നിയമനങ്ങളിലും സാമൂഹ്യ നീതിയുടെ തത്വങ്ങൾ പാലിക്കപ്പെടണം. പഴയ കാലം മാറി. മിടുക്കന്മാർ ഇപ്പോൾ എല്ലാ സമുദായങ്ങളിലുമുണ്ട്. ഉന്നത ജാതരിൽ മാത്രമേ മിടുക്കും വൈഭവവും ഉള്ളവർ ഉണ്ടാകൂ എന്ന യാഥാസ്ഥിതിക ധാരണ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ പുലർത്തുന്നത് സംവരണം മാത്രമല്ല, രാജ്യത്തെ പാവപ്പെട്ട യുവാക്കളെയും സ്‌ത്രീകളെയും കുട്ടികളെയും സഹായിക്കാനുള്ള പല പദ്ധതികളും അട്ടിമറിക്കപ്പെടാൻ ഇടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |