കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു നേരിട്ട തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് ജാതി സെൻസസ് വാദമുയർത്തി പ്രതിപക്ഷ കക്ഷികൾ ഉയർത്തിവിട്ട കുറിക്കു കൊള്ളുന്ന പ്രചാരണ തന്ത്രമായിരുന്നു. തിരഞ്ഞെടുപ്പിന് വളരെ മുൻപേതന്നെ ബീഹാറിൽ ജാതി സെൻസസ് നടപ്പിലാക്കിയ ജനതാദൾ നേതാവ് നിതീഷ് കുമാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിനൊപ്പം നിലകൊണ്ടത് ഇന്നും രാഷ്ട്രീയ വൈരുദ്ധ്യമായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023- ലാണ് രാജ്യത്ത് ആദ്യമായി ബീഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പാക്കിയത്. അതിനെതിരെ ചില കൂട്ടർ സുപ്രീം കോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ജാതി സെൻസസ് ആവശ്യം ഉയർന്നപ്പോഴെല്ലാം ബി.ജെ.പിയും ഒപ്പം നിൽക്കുന്ന ചില കക്ഷികളും അതിനെ നഖശിഖാന്തം എതിർക്കുകയായിരുന്നു. രാജ്യത്ത് ഭൂരിപക്ഷംവരുന്ന പിന്നാക്ക- ദളിത് വിഭാഗങ്ങളുടെ കണക്കെടുപ്പ് തങ്ങൾക്ക് വിനയാകുമെന്ന് മനസിൽ കണ്ടാകണം കേന്ദ്ര ഭരണകക്ഷികൾ അതിനെ എതിർത്തുപോന്നത്.
ഏതായാലും തങ്ങൾ അധികാരത്തിൽവന്നാൽ ആദ്യ ഉത്തരവ് ജാതി സെൻസസിനുവേണ്ടിയുള്ളതാകും എന്ന കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യകക്ഷികളുടെയും പ്രഖ്യാപനം വൻ ചലനമുണ്ടാക്കിയെന്നത് നിഷേധിക്കാനാവില്ല. പൊതു തിരഞ്ഞെടുപ്പിൽ അത് ഈ കക്ഷികൾക്ക് ഗുണവും ചെയ്തു. സഖ്യകക്ഷികളുടെ പിന്തുണയോടെയാണെങ്കിലും കേന്ദ്രഭരണം നിലനിറുത്താൻ കഴിഞ്ഞ ബി.ജെ.പിക്കുള്ളിലും ജാതി സെൻസസ് എന്ന തുറുപ്പുചീട്ടിന്റെ വില പലരും മനസിലാക്കിത്തുടങ്ങി എന്നുവേണം കരുതാൻ. ജാതി സെൻസസ് എന്ന ആശയത്തെ ഇനിയങ്ങോട്ട് കണ്ണടച്ച് എതിർത്തിട്ടു കാര്യമില്ലെന്ന നിലപാടിലേക്ക് കേന്ദ്ര സർക്കാർ പതിയെ നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുതന്നെ ലഭിക്കുന്ന സൂചന.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ജാതി സെൻസസ് തീരുമാനം നടപ്പാക്കുമെന്ന് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ തന്ത്രം നേരിടാൻ അതേ കളത്തിലിറങ്ങുകയല്ലാതെ മാർഗമില്ലെന്ന് ബോദ്ധ്യമായതുകൊണ്ടാവാം കേന്ദ്ര ഭരണകക്ഷികളും ആ വഴിക്കു ചിന്തിക്കുന്നത്. നേരിട്ടു പറയാതെ, പുതിയ കനേഷുമാരിക്കൊപ്പം ജാതി കണക്കെടുപ്പും നടത്തിയാലെന്തെന്നാണ് ആലോചന. അതിനായി, സെൻസസ് നടക്കുമ്പോൾ ചോദ്യാവലിയിൽ ഒരു കോളം, 'ഏതു ജാതിയിൽ ഉൾപ്പെടുന്നു" എന്ന് രേഖപ്പെടുത്താൻ വ്യവസ്ഥ ചെയ്താൽ മതിയത്രെ. പട്ടികജാതി- പട്ടികവർഗക്കാരുടെ കണക്ക് ഓരോ സെൻസസിലും പ്രത്യേകം രേഖപ്പെടുത്താറുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങളുടെ കേന്ദ്രീകൃത കണക്ക് സർക്കാരിന്റെ പക്കലില്ല. രാജ്യത്ത് ഇതുവരെ ഒരു സർക്കാരും അത്തരത്തിലൊരു കണക്കെടുപ്പിന് മുതിർന്നിട്ടുമില്ല. രാഷ്ട്രീയംതന്നെ അതിന് പ്രധാന കാരണം. സെൻസസിനു പുറമേ, യു.പി.എ സർക്കാർ ഒന്നര പതിറ്റാണ്ടുമുൻപ് ജാതി കണക്കെടുപ്പ് നടത്തിയിരുന്നു. എന്നാൽ ആ കണക്ക് ഒരിക്കലും പുറത്തുവന്നില്ല.
അതുപോലെ കർണാടകത്തിലെ കോൺഗ്രസ് സർക്കാരും 2015- ൽ ഇതിന് നടപടിയെടുത്തതാണ്. എന്നാൽ ശേഖരിച്ച കണക്ക് പരസ്യമാക്കിയില്ല. ജാതി കണക്കെടുപ്പിലെ സങ്കീർണതകളാണ് കൃത്യമായ സ്ഥിതിവിവര ശേഖരണത്തിന് പ്രശ്നമാകുന്നതെന്ന് വാദമുണ്ട്. ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായേ ഈ വാദത്തെ കാണാനാവൂ. രാജ്യത്ത് സെൻസസ് മൂന്നുവർഷം മുൻപേ നടക്കേണ്ടതായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അത് നീണ്ടുപോവുകയാണ്. ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമാണെങ്കിലും അത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണത ഒട്ടും ശരിയല്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങൾ വികസനവുമായി ബന്ധപ്പെട്ട സർവ മേഖലകൾക്കും ആവശ്യമാണ്. സെൻസസിനൊപ്പം ജാതിക്കണക്കുകൂടി ശേഖരിച്ചതുകൊണ്ട് ഒരു നഷ്ടവും വരാൻ പോകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |