യുദ്ധം നടക്കുന്ന വേളയിൽ സാധാരണഗതിയിൽ ഒരു രാജ്യത്തേക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ സന്ദർശിക്കുന്നത് പതിവുള്ളതല്ല. എന്നാൽ ആ പതിവ് തെറ്റിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിൻ സന്ദേശനം നടത്തിയിരിക്കുന്നത്. യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ് എന്ന് മോദി യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കുകയും ചെയ്തു.
സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യ നിസംഗമായിരുന്നില്ല. സമാധാനത്തിനായി ഇന്ത്യ ഉറച്ചുനിൽക്കുന്നു എന്നാണ് മോദി പറഞ്ഞത്. റഷ്യയെ പ്രകോപിപ്പിക്കാത്ത തന്ത്രപരമായ നിലപാടാണ് ഇന്ത്യ തുടക്കം മുതൽ സ്വീകരിച്ചുപോന്നിരുന്നത്. സംഘർഷത്തെക്കുറിച്ചാണ് ഇരുനേതാക്കളും തമ്മിൽ കൂടുതൽ ചർച്ച നടന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. സംഘർഷം പരിഹരിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം തുടരണമെന്നാണ് സെലൻസ്‌കി അഭ്യർത്ഥിച്ചത്.
ആറ് ആഴ്ചകൾക്ക് മുമ്പാണ് മോദി റഷ്യ സന്ദർശിച്ച് പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്. അതിനാൽ അതിനുശേഷം നടത്തുന്ന യുക്രെയിൻ സന്ദർശനത്തിന് വളരെ പ്രാധാന്യമുണ്ട്. റഷ്യയുമായി ദശാബ്ദങ്ങളായി ഉറ്റബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം നൽകുന്നതിന് പകരമായി ഇന്ത്യൻ രൂപ കൈപ്പറ്റാനുള്ള റഷ്യയുടെ തീരുമാനം മറ്റ് പല വിദേശ ശക്തികളെയും അലോസരപ്പെടുത്തിയിട്ടുമുണ്ട്.
2022 ഫെബ്രുവരി 22നാണ് യുക്രെയിൻ യുദ്ധം തുടങ്ങിയത്. റഷ്യൻ പട്ടാളമാണ് യുക്രെയിൻ ആദ്യം ആക്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യയുടെ മുന്നിൽ യുക്രെയിൻ അധിക ദിവസം പിടിച്ചുനിൽക്കില്ല എന്ന പൊതുധാരണ അട്ടിമറിച്ചുകൊണ്ട് രണ്ട് വർഷം കഴിഞ്ഞിട്ടും യുദ്ധം തുടരുകയാണ്. യുക്രെയിനു പിന്നിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ ആയുധങ്ങളും പണവും നൽകി ശക്തമായി നിലകൊള്ളുന്നു. റഷ്യൻ പ്രദേശങ്ങളിലേക്ക് യുക്രെയിൻ സേന ചില കടന്നുകയറ്റങ്ങൾ നടത്തുന്നു എന്നതാണ് ഏറ്റവും ഒടുവിൽ യുദ്ധമുഖത്തു നിന്നുള്ള റിപ്പോർട്ടുകൾ.
യുദ്ധത്തിനെതിരായ ഐക്യരാഷ്ട്ര സഭ നിരവധി പ്രമേയങ്ങൾ കൊണ്ടുവന്നെങ്കിലും റഷ്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. റഷ്യക്കെതിരെ പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യ അവഗണിച്ചുകൊണ്ടാണ് ഇന്ധനവും യുദ്ധസാമഗ്രികളും വാങ്ങുന്നത്. അതുപോലെ തന്നെ ജി - 20 സമ്മേളനത്തിലേക്ക് വിളിക്കണമെന്ന യുക്രെയിൻ അഭ്യർത്ഥനയെ ഇന്ത്യ പിന്തുണച്ചതുമില്ല. അതേസമയം ഇരു രാജ്യങ്ങളോടും നല്ല ബന്ധം ഇന്ത്യ പുലർത്തുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ആറ് ആഴ്ചയുടെ ഇടവേളയിൽ റഷ്യയും യുക്രെയിനും സന്ദർശിച്ചതിലൂടെ മോദി ലോകത്തിന് നൽകുന്ന സന്ദേശം.
പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ യുക്രെയിനുമായി നിരവധി വ്യാപാര കരാറുകൾ ഒപ്പിടുകയും ചെയ്തു. കാർഷിക - ഭക്ഷ്യ വ്യവസായ സഹകരണം, മെഡിക്കൽ ഉത്‌പന്ന നിയന്ത്രണ മേഖലയിലെ സഹകരണം, സാംസ്കാരിക സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പ്രധാന കരാറുകൾ. സംഘർഷത്തെത്തുടർന്ന് മന്ദീഭവിച്ച ഉഭയകക്ഷി വ്യാപാരം പുനഃസ്ഥാപിക്കാനും തീരുമാനമായി. സൈനിക - സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യൻ - യുക്രെയിൻ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത് യോഗം ഇന്ത്യയിൽ നടത്താനും തീരുമാനമായി. യുദ്ധമേഖലയിൽ പരിക്കേറ്റവർക്കുള്ള അടിയന്തര ചികിത്സ നൽകുന്നതിനുള്ള ഉപകരണങ്ങൾ യുക്രെയിന് ഇന്ത്യ കൈമാറുകയും ചെയ്തു. മാത്രമല്ല യുദ്ധം തകർത്ത യുക്രെയിൻ പുനർനിർമ്മാണത്തിന് ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തമുറപ്പാക്കാൻ മോദിയും സെലൻസ്‌കിയും തമ്മിലുള്ള ചർച്ചയിൽ ധാരണയാവുകയും ചെയ്തു. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌മരണയ്ക്കായി കീവിലെ നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച പ്രദർശനം ഇരു നേതാക്കളും ഒന്നിച്ചാണ് വീക്ഷിച്ചത്. കുട്ടികൾക്കുണ്ടായ ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തിയ മോദി ആദരസൂചകമായി കളിപ്പാട്ടം സമർപ്പിച്ചതും പ്രതീകാത്മകമായി. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ ഒരു നിർണായകമായ പങ്ക് വഹിക്കുമെന്ന സൂചനയാണ് മോദിയുടെ യുക്രെയിൻ സന്ദർശനം അവശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |