ന്യൂഡൽഹി: ജി 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ആ ക്ഷണം താൻ വിനയത്തോടെ നിരസിച്ചെന്നും മോദി പറഞ്ഞു. ജി 7 ഉച്ചകോടിക്ക് കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടേയെന്നാണ് ഫോൺ സംഭാഷണത്തിനിടെ ട്രംപ് ചോദിച്ചത്. എന്നാൽ കാനഡയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ജഗന്നാഥന്റെ നാടായ ഒഡിഷ സന്ദർശിക്കുന്നതിന് വേണ്ടിയാണ് താൻ ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മോദി പറഞ്ഞു. ഒഡീഷയിലെ ബി.ജെ.പി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭുവനേശ്വറിൽ നടന്ന പൊതുയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ക്ഷണം നിരസിച്ചകാര്യം മോദി വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പ്, ജി 7 ഉച്ചകോടിക്കായി ഞാൻ കാനഡയിലായിരുന്നു. യു.എസ് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. കാനഡയിലുണ്ടല്ലോ, വാഷിംഗ്ടണിൽ വന്നുകൂടേയെന്ന്. ഒരുമിച്ച് അത്താഴം കഴിക്കാമെന്നും സംസാരിക്കാമെന്നും പറഞ്ഞു. അദ്ദേഹം വളരെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചു. ക്ഷണത്തിന് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു:എനിക്ക് മഹാപ്രഭുവിന്റെ നാട്ടിലേക്ക് പോകേണ്ടതുണ്ട്. അത് വളരെ പ്രധാനമാണ്. അങ്ങനെ ഞാൻ ക്ഷണം മാന്യമായി നിരസിച്ചു. മഹാപ്രഭുവിനോടുള്ള നിങ്ങളുടെ സ്നേഹവും ഭക്തിയും എന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്നു."-മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |