തിരുവനന്തപുരം: മാദ്ധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഇങ്ങനെ വേട്ടയാടരുത്, കഴിഞ്ഞ 25 വർഷമായി മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധ ഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്ന് സിനിമാ രംഗത്തെ വനിതകൾ ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണത്തിന് നാല് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെയുള്ള ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഐ.ജി സ്പർജൻ കുമാർ നേതൃത്വം നല്‍കുന്ന സംഘത്തിൽ ഡി.ഐ.ജി എസ്. അജിത ബീഗം, എ.ഐ.ജി ജി. പൂങ്കുഴലി, എസ്.പി മെറിൻ ജോസഫ്, ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനൻ, വി. അജിത് എന്നിവരും ഉൾപ്പെടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കില്ല. മറിച്ച് ആരോപണം ഉന്നയിച്ചവർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നല്‍കാം. പരാതിയിൽ ഉറച്ച് നില്‍ക്കുകയാണെങ്കിൽ കേസെടുക്കും. സിനിമ മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ആർക്ക് പരാതിയുണ്ടെങ്കിലും അന്വേഷണസംഘത്തെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |