ചെന്നൈ: സ്വന്തം കുഞ്ഞിനെ ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയ ശേഷം സുഹൃത്തിന് വിറ്റു. കേസില്‍ നവജാത ശിശുവിന്റെ അമ്മ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ പെരിയനായ്ക്കന്‍പാളയം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണന്‍പുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക (42), കൗണ്ടംപാളയം എം. അനിത (40) എന്നിവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഒരു വസ്ത്ര നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നവരും അടുത്ത സുഹൃത്തുക്കളുമാണ് നന്ദിനിയും അനിതയും ദേവികയും. നന്ദിനിയുടെ രണ്ടാമത്തെ കുട്ടിയെയാണ് പണം കൈപ്പറ്റിയ ശേഷം വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറയുന്നു. നന്ദിനിക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. ഓഗസ്റ്റ് മാസം 14ന് പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. കുട്ടികളില്ലാത്ത അനിത പെണ്‍കുഞ്ഞിനെ തനിക്ക് കൈമാറാന്‍ ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെട്ടു.
സുഹൃത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഒരു ലക്ഷം രൂപക്ക് പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ നന്ദിനി സമ്മതിക്കുകയായിരുന്നു. ദേവികയുടെ സഹായത്തോടെ പ്രസവിച്ച് വെറും അഞ്ച് ദിവസം മാത്രം പിന്നിട്ടപ്പോള്‍ ഓഗസ്റ്റ് 19ന് പെണ്‍കുഞ്ഞിനെ അനിതയ്ക്ക് വില്‍ക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിയനായ്ക്കന്‍പാളയം പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ തുടര്‍ നടപടികള്‍ ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |